കേരള ചരിത്രത്തിലാദ്യം: 3 ഡിഗ്രിയുള്ള മുഖ്യമന്ത്രിയും വക്കീൽ മന്ത്രിമാരും;

കേരളം ഒരു പുതിയ രാഷ്ട്രീയ ചരിത്രത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം 21 യുഡിഎഫ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചടങ്ങുകൾ പൂർത്തിയായി. ഈ സത്യപ്രതിജ്ഞ കഴിഞ്ഞ നിമിഷം മുതൽ മാധ്യമങ്ങളിലും ജനങ്ങൾക്കിടയിലും പുറത്തുവരുന്ന ഏറ്റവും രസകരമായ ഒരു വാർത്ത എന്താണെന്ന് അറിയാമോ? അത് മറ്റൊന്നുമല്ല, ഈ മന്ത്രിസഭയിലെ അംഗങ്ങളുടെ ഉയർന്ന വിദ്യാഭ്യാസ യോഗ്യത തന്നെയാണ്. അക്ഷരാർത്ഥത്തിൽ അഭ്യസ്തവിദ്യരായ നേതാക്കളുടെ ഒരു നീണ്ട നിര തന്നെയാണ് ഈ മന്ത്രിസഭയിലുള്ളത്. MA, BA, LLB,LLM, MBA ഒക്കെ കഴിഞ്ഞ വലിയൊരു സംഘമാണിത്
​യഥാർത്ഥത്തിൽ ഈ മന്ത്രിസഭയ്ക്ക് ഒരുപാട് സവിശേഷതകളുണ്ട്. ആറ് പതിറ്റാണ്ടുകൾക്ക് ശേഷം, അതായത് നീണ്ട 60 വർഷങ്ങൾക്ക് ശേഷമാണ് യുഡിഎഫിൽ ഒരു മുഴുവൻ മന്ത്രിസഭയും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. ഇത് കേരള രാഷ്ട്രീയത്തിലെ ഒരു വലിയ വഴിത്തിരിവാണ്. ഈ മന്ത്രിസഭയുണ്ടാക്കിയ ഇമ്പാക്ട് അത്ര ചെറുതല്ല. മുതിർന്ന നേതാക്കളായ എം.എം. ഹസനും ,വി.എം. സുധീരനുമൊക്കെ പറഞ്ഞ ഒരു കാര്യമുണ്ട്; ഇത്രയും വർഷങ്ങൾക്ക് ശേഷമാണ് ജനങ്ങൾ ഇത്രയധികം ആവേശത്തോടെയും ആരവത്തോടെയും ഒരു മന്ത്രിസഭയെ സ്വാഗതം ചെയ്യുന്നത്. മുൻപ് പിണറായി വിജയൻ സർക്കാരിന്റെ കാലഘട്ടത്തിൽ പോലും ഇത്തരം ഒരു ജനകീയ ആവേശം നമ്മൾ കണ്ടിട്ടില്ല. തെരഞ്ഞെടുപ്പിൽ വിജയിച്ചു കഴിഞ്ഞാൽ സാധാരണ ആവേശം തണുക്കാറുണ്ട്. എന്നാൽ ഇവിടെ സത്യപ്രതിജ്ഞാ ചടങ്ങിന് പോലും ജനങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുകയായിരുന്നു. റോഡിന്റെ അങ്ങേത്തലയ്ക്കൽ വരെ നിൽക്കാൻ പോലും സ്ഥലമില്ലാതെ ആളുകൾ ഒഴുകിയെത്തിയ കാഴ്ചയാണ് നമ്മൾ കണ്ടത് .
​മറ്റൊരു വലിയ പ്രത്യേകത, ഈ മന്ത്രിസഭയിലുള്ള ആളുകളെല്ലാം സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജനിച്ചവരാണ് എന്നതാണ്. അതായത് സ്വാതന്ത്ര്യ സമരത്തിന് ശേഷം ജനിച്ച തലമുറ. സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ 1945-ന് മുൻപ് ജനിച്ചവരായിരുന്നു. അവിടെയാണ് 1947-ന് ശേഷം ജനിച്ച വി.ഡി. സതീശൻ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുന്നത്. ഇത് ചരിത്രപരമായ ഒരു വലിയ മുഹൂർത്തം തന്നെയാണ് .
​ഇനി ഇവരുടെ വിദ്യാഭ്യാസത്തിലേക്ക് വന്നാൽ, ആകെ പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളത് മുസ്ലിം ലീഗിന്റെ പി.കെ. ബഷീറിന് മാത്രമാണ്. പക്ഷേ ബഷീറിനെ സംബന്ധിച്ച് നമുക്കറിയാം, നിയമസഭയിൽ വളരെ വാക്ചാതുരിയോടെ സംസാരിക്കുന്ന വ്യക്തിയാണദ്ദേഹം. മലപ്പുറത്തിന്റെ നാട്ടുഭാഷയിലുള്ള അദ്ദേഹത്തിന്റെ ആ സംസാരശൈലി കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്. കമ്മ്യൂണിക്കേഷൻ വളരെ എളുപ്പമാക്കുന്ന ഒരു ഒഴുക്കും ശബ്ദഗാംഭീര്യവും അദ്ദേഹത്തിനുണ്ട് .
​എന്നാൽ ബാക്കി മന്ത്രിമാരുടെ കാര്യം നോക്കൂ. കേരള ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇത്രയധികം ഡിഗ്രികളുള്ള ഒരു മുഖ്യമന്ത്രി ഉണ്ടാകുന്നത്. ഒന്നല്ല, രണ്ടല്ല, മൂന്ന് ഡിഗ്രികളാണ് വി.ഡി. സതീശന് ഉള്ളത്! ബി.എ, എൽ.എൽ.ബി, എൽ.എൽ.എം,PDGSS ഒക്കെയാണ് അദ്ദേഹത്തിന്റെ യോഗ്യതകൾ. മറ്റുള്ളവരുടെ കാര്യം നോക്കിയാൽ രമേശ് ചെന്നിത്തല (ബി.എ, എൽ.എൽ.ബി), സണ്ണി ജോസഫ് (ബി.എ, എൽ.എൽ.ബി), കെ. മുരളീധരൻ (ബി.എ, എൽ.എൽ.ബി), പി.സി. വിഷ്ണുനാഥ് (ബികോം), എ.പി. അനിൽകുമാർ (ബി.എ), റോജി എം. ജോൺ (എം.എ), ബിന്ദു കൃഷ്ണ (എൽ.എൽ.ബി, എൽ.എൽ.എം), ടി. സിദ്ധിഖ് (ബികോം, എൽ.എൽ.ബി), എം. ലിജു (ബി.എസ്സി, എൽ.എൽ.ബി), ഒ.ജെ. ജനീഷ് (ബി.ബി.എ, എൽ.എൽ.ബി), കെ.എ. തുളസി (എം.എ, എം.ഫിൽ), പി.കെ. കുഞ്ഞാലിക്കുട്ടി (ബികോം, പി.ജി.ഡി.ബി.എം), എൻ. ഷംസുദ്ദീൻ (എം.കോം, എൽ.എ.ൽബി), വി. അബ്ദുൽ ഗഫൂർ (എൽ.എൽ.ബി), മോൻസ് ജോസഫ് (ബി.എ, എൽ.എൽ.ബി), ഷിബു ബേബി ജോൺ (ബി.ടെക്), സി.പി. ജോൺ (ബി.എസ്സി, എൽ.എൽ.ബി), അനൂപ് ജേക്കബ് (ബി.എ, എൽ.എൽ.ബി) എന്നിങ്ങനെ നീളുന്നു അത് .
​ഇത് കണ്ടിട്ട് എനിക്ക് തോന്നുന്നത്, വക്കീലന്മാരുടെ ഒരു നീണ്ട നിര തന്നെയുള്ള മന്ത്രിസഭയാണിത് എന്നാണ്. ഏകദേശം 70 ശതമാനത്തോളം ആളുകളും വക്കീലന്മാരാണ്! ഇനിയിപ്പോ സർക്കാരിന്റെ കേസുകൾ വാദിക്കാൻ ഒരിടത്തും പോകേണ്ടതില്ല, മന്ത്രിമാർ തന്നെ നേരിട്ട് വാദിച്ചോളും എന്ന് പറയാം. അറിവും നിയമവശങ്ങളും കൃത്യമായി അറിയാവുന്നവർ ഭരിക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ സുഗമമാകും. മുൻപ് പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് നമ്മൾ കണ്ടത് സെക്രട്ടറിമാരും കുറെ സ്തുതിപാഠകരും ചേർന്നാണ് ഭരണം നിയന്ത്രിച്ചിരുന്നത് എന്നാണ്. ഫയലുകൾ വരുമ്പോൾ മുഖ്യമന്ത്രിക്ക് പോലും പല കാര്യങ്ങളിലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നിരുന്നു. എന്നാൽ ഇവിടെ ആ അവസ്ഥ ഉണ്ടാകില്ല. വെളിച്ചമുള്ള സ്തുതിപാഠകരുടെ ആവശ്യം വി.ഡി. സതീശന് ഇല്ല. തന്റെ മുന്നിൽ വരുന്ന ഫയലുകളിലെ നിയമവശങ്ങൾ എന്താണെന്ന് കൃത്യമായി തിരിച്ചറിയാൻ ഈ മന്ത്രിമാർക്ക് സാധിക്കും.
​വി.ഡി. സതീശന്റെ കാര്യം പറയുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് കഴിഞ്ഞ നിയമസഭയിലെ ഒരു സംഭവമാണ്. അന്ന് സി.പി.എമ്മിന്റെ വളരെ വാക്ചാതുരിയുള്ള നേതാവായ എം. സ്വരാജും വി.ഡി. സതീശനും തമ്മിൽ നിയമസഭയിൽ നടന്ന ഒരു വലിയ തർക്കമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകാർ അന്ന് പറഞ്ഞിരുന്നത്, ‘സഭയ്ക്ക് അകത്തുള്ളവരെക്കാൾ പുറത്തുള്ള സ്വരാജിനെയാണ് നിങ്ങൾ പേടിക്കേണ്ടത്’ എന്നായിരുന്നു. സഭയിൽ വച്ച് സ്വരാജ് എഴുന്നേറ്റു നിന്ന് വളരെ ആത്മവിശ്വാസത്തോടെ സതീശനെ പരിഹസിച്ചു കൊണ്ട് പറഞ്ഞു: ‘സാർ, ഇവിടുത്തെ കൊച്ചുകുട്ടികൾക്ക് പോലും അറിയാം എന്താണ് സ്റ്റേറ്റ് എന്ന്! സ്റ്റേറ്റിന്റെ ഡെഫിനിഷൻ എന്താണെന്ന് പ്രതിപക്ഷ നേതാവിന് അറിയില്ലെങ്കിൽ സാധാരണക്കാരനായ ഒരു കുട്ടിയോട് ചോദിച്ചാൽ മതി.’..
​എന്നാൽ ഇതുകേട്ട് വി.ഡി. സതീശൻ എന്ന എൽ.എൽ.എം കാരൻ മിണ്ടാതിരുന്നില്ല. അദ്ദേഹം നേരിട്ട് എഴുന്നേറ്റു നിന്ന് സ്വരാജിന് നിയമത്തിന്റെ ഭാഷയിൽ മറുപടി നൽകി. ‘കൊച്ചുകുട്ടികൾക്ക് ചിലപ്പോൾ സ്റ്റേറ്റിന്റെ അർത്ഥം അറിയാമായിരിക്കും, പക്ഷേ നിയമസഭയിലെ സ്റ്റേറ്റ് എന്താണ് എന്ന് ആദ്യം സഖാവ് പോയി പഠിച്ചിട്ട് വാ, അതിന്റെ ഡെഫിനിഷൻ ഞങ്ങൾ പറഞ്ഞു തരാം’ എന്ന് പറഞ്ഞ് സതീശൻ തിരിച്ചടിച്ചപ്പോൾ ഉത്തരം മുട്ടി നിൽക്കുന്ന സ്വരാജിനെയാണ് നമ്മൾ കണ്ടത്. വിയർത്തൊട്ടി, തന്റെ താത്വിക അവലോകനങ്ങൾ ഇനി ആരോട് പോയി പറയുമെന്ന് അറിയാതെ ഉള്ളിൽ കരഞ്ഞുവിളിക്കുന്ന ഒരു അവസ്ഥയിലായിപ്പോയി അന്ന് സ്വരാജ്. സാധാരണ നമ്മൾ ഉദ്ദേശിക്കുന്ന രാജ്യം അല്ലെങ്കിൽ സംസ്ഥാനം എന്നതല്ല നിയമസഭയിലെ ‘സ്റ്റേറ്റ്’ എന്നതിന്റെ ഡെഫിനിഷൻ. ഓരോ കാര്യങ്ങൾക്കും കൃത്യമായ നിയമപരമായ നിർവചനങ്ങളുണ്ട്. അതുകൊണ്ട് കൊച്ചുകുട്ടികളെപ്പോലെ വാ കൊടുത്തു വാങ്ങുന്നത് സഖാക്കൾക്ക് ഒരു ശീലമായിപ്പോയി എന്ന് അന്ന് തെളിഞ്ഞു.
​ചുരുക്കത്തിൽ, നിയമവശങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാൻ അറിയുന്ന വി.ഡി. സതീശനെപ്പോലെ ഒരു മുഖ്യമന്ത്രി ഉള്ളപ്പോൾ കാര്യങ്ങൾ വളരെ വ്യവസ്ഥാപിതമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. കേവലം വിദ്യാഭ്യാസ യോഗ്യത മാത്രമല്ല, ഈ മന്ത്രിസഭയിലെ ഭൂരിഭാഗം പേരും വർഷങ്ങളായി നിയമസഭാ സാമാജികരായി ഇരുന്നവരും ഭരണ പരിചയമുള്ളവരുമാണ്. കേവലം മൂന്ന് പുതുമുഖങ്ങൾ മാത്രമാണ് ഈ മന്ത്രിസഭയിലുള്ളത്. അതുകൊണ്ടുതന്നെ വലിയൊരു മാറ്റമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ഈ പുതിയ മന്ത്രിസഭയ്ക്ക് എന്തൊക്കെ വലിയ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം .

Leave a Reply

Your email address will not be published. Required fields are marked *