ലീഗിന് ഫിഷറീസ് വേണം, വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ്; 

പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ടും മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയാക്കാനാകാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിസന്ധിയിൽ. സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ വകുപ്പുകൾ പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഇതോടെ നടപ്പായില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് വിട്ടുകൊടുത്ത മുസ്ലീം ലീഗ്, പകരം ഫിഷറീസ് വകുപ്പ് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.

എന്നാൽ ഫിഷറീസ് വകുപ്പ് വിട്ടുകൊടുക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. വകുപ്പ് വിഭജനത്തിലെ ഈ അനിശ്ചിതത്വത്തിന് പുറമേ, വരാനിരിക്കുന്ന പുതുക്കിയ ബജറ്റിൽ പ്രകടനപത്രികയിലെ ജനപ്രിയ വാഗ്ദാനങ്ങൾക്കും ഗ്യാരന്റികൾക്കും ആവശ്യമായ അധികപ്പണം കണ്ടെത്തുക എന്നതും പുതിയ മുഖ്യമന്ത്രിക്ക് മുന്നിലെ വലിയ വെല്ലുവിളിയാണ്. വകുപ്പ് തർക്കങ്ങൾ നിലനിൽക്കുമ്പോഴും, രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റികളിൽ രണ്ടെണ്ണം നടപ്പാക്കുമെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കും. സംസ്ഥാനത്ത് വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക വയോജന വകുപ്പ് രൂപീകരിക്കും. സ്കൂൾ പാചക തൊഴിലാളികൾ, അങ്കണവാടി ജീവനക്കാർ, പ്രീ-പ്രൈമറി സ്കൂൾ ജീവനക്കാർ എന്നിവരുടെ വേതനത്തിൽ 1000 രൂപയുടെ വർദ്ധനവ് വരുത്തും.

Leave a Reply

Your email address will not be published. Required fields are marked *