കേരളത്തിന്റെ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് ഹൈക്കമാൻഡ് ആയിരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളോ ഫ്ലക്സ് ബോർഡുകളോ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള മാനദണ്ഡമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് നേടിയത് തിളക്കമാർന്ന വിജയമാണെന്നും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ അനാവശ്യമായ കാലതാമസം ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എം.എൽ.എമാരുടെ പിന്തുണയ്ക്കായി മത്സരമില്ലെന്നും എല്ലാം പാർട്ടി നടപടിക്രമങ്ങൾ അനുസരിച്ച് മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു. തന്റെ ഡൽഹി സന്ദർശനം മഹാരാഷ്ട്ര കോൺഗ്രസിന്റെ ചുമതലയുമായി ബന്ധപ്പെട്ടതാണെന്നും കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇതിന് ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പങ്കെടുക്കുന്ന യോഗത്തിൽ അദ്ദേഹം സംബന്ധിക്കും.
