രാജ്യത്ത് കനത്ത മഴ തുടരുന്നു;

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്യുന്ന കനത്ത മഴ പലേടത്തും പ്രളയസമാനമായ സാഹചര്യങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ ഭലേസ ഗന്ധോഹ് പ്രദേശത്ത് നദികളിലെയും അരുവികളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ചീനാബ് നദിയിലും ജലനിരപ്പ് ഉയർന്നതിനാൽ മാർക്കറ്റുകളും റോഡുകളും വെള്ളത്തിനടിയിലായി. ഒഡീഷയിലെ മയൂർഭാഞ്ചിലും കനത്ത മഴ തുടരുകയാണ്. ഇതിനിടയിൽ ഒഡീഷയിലെ കേന്ദ്രപാരാ ജില്ലയിൽ ദേശീയപാത-53-ന്റെ നൂറു മീറ്ററോളം ഭാഗം ഇടിഞ്ഞുതാഴ്ന്ന് നിർമ്മാണത്തിലിരുന്ന കുഴിയിലേക്ക് മൂന്ന് ട്രക്കുകൾ പതിച്ചു. ഭാഗ്യവശാൽ ആ സമയത്ത് വാഹനങ്ങളിൽ ആരുമില്ലായിരുന്നു. വെള്ളക്കെട്ട് കാരണം നിർമ്മാണത്തിലിരുന്ന ഭാഗം തകർന്നതാണെന്നാണ് അധികൃതരുടെ വിശദീകരണം.

സിക്കിമിലെ ഗ്യാൽഷിങ് ജില്ലയിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിനെ തുടർന്ന് നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കുന്നിൻപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ കൂടുതൽ ഉരുൾപൊട്ടലുകൾക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. അസമിൽ കഴിഞ്ഞ 27 ദിവസമായി വെള്ളക്കെട്ട് തുടരുകയാണെങ്കിലും മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്ക് ഇതുവരെ വീടുകളിലേക്ക് മടങ്ങാൻ സാധിച്ചിട്ടില്ല.തലസ്ഥാനമായ ഡൽഹിയിൽ അടുത്ത ആറു ദിവസത്തേക്ക് കാലാവസ്ഥ അസ്ഥിരമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം മേഘാവൃതമായിരിക്കുമെന്നും ഓഗസ്റ്റ് 19, 20 തീയതികളിൽ മഴ കനക്കുമെന്നുമാണ് പ്രവചനം. ദക്ഷിണേന്ത്യയിൽ തമിഴ്‌നാട്ടിലും ശക്തമായ മഴ തുടരുകയാണ്. ചെങ്കൽപേട്ട്, കാഞ്ചീപുരം, വില്ലുപുരം, തിരുവണ്ണാമലൈ തുടങ്ങിയ ജില്ലകളിൽ കനത്ത മഴയ്ക്കും, ചെന്നൈ ഉൾപ്പെടെയുള്ള 16-ഓളം ജില്ലകളിലും പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലും മിതമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകാൻ കാരണം.

Leave a Reply

Your email address will not be published. Required fields are marked *