രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ആരോപണം സാധൂകരിക്കുന്ന യാതൊരു തെളിവുകളും ഹാജരാക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ശേഖർ ബി. സറാഫ്, ജസ്റ്റിസ് അവധേഷ് കുമാർ ചൗധരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. ലഖ്നൗവിലുള്ള അഭിഭാഷകരായ അശോക് പാണ്ഡെ, രജനീഷ് കുമാർ സിംഗ് എന്നിവരാണ് റിട്ട് ഹർജി സമർപ്പിച്ചത്. രാഹുൽ ഗാന്ധി ഇന്ത്യൻ പൗരനല്ലെന്നും അതിനാൽ റായ്ബറേലി എം.പി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ആരോപിച്ച് ‘ക്വോ വാറന്റോ’ റിട്ട് പുറപ്പെടുവിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
2015-ലും 2019-ലും ഇതേ ഹർജിക്കാർ സമാന വിഷയം ഉന്നയിച്ചിരുന്നതായി കോടതി വ്യക്തമാക്കി. 1955-ലെ ഇന്ത്യൻ പൗരത്വ നിയമത്തിലെ സെക്ഷൻ 9(2) പ്രകാരം പൗരത്വം നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട പരാതികൾ കേന്ദ്ര സർക്കാരിന് മുൻപാകെയാണ് സമർപ്പിക്കേണ്ടതെന്ന് 2015-ൽ കോടതി വ്യക്തമാക്കിയതാണ്. ബ്രിട്ടനിൽ ആരംഭിച്ച ‘ബാക്ക്ഓപ്സ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ രേഖകളുടെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് പ്രഖ്യാപിച്ചുവെന്നായിരുന്നു രജനീഷ് കുമാർ സിംഗിന്റെ പ്രധാന വാദം. എന്നാൽ ഇതിനെ പിന്തുണയ്ക്കുന്ന ബ്രിട്ടീഷ് രജിസ്ട്രാർ ഓഫ് കമ്പനീസ് രേഖകളോ മറ്റ് ഔദ്യോഗിക തെളിവുകളോ ഹാജരാക്കാൻ ഹർജിക്കാരനായില്ല.കേംബ്രിഡ്ജ് സർവകലാശാലയുടേതെന്ന പേരിൽ റൗൾ വിൻചി എന്നയാളുടെ പഠനവുമായി ബന്ധപ്പെട്ട് ഹാജരാക്കിയ ഒരു കത്ത് മാത്രമാണ് ഹർജിക്കാരൻ നൽകിയത്. എന്നാൽ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ ഇത് പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഒടുവിൽ ഹർജി പിൻവലിക്കാൻ ഹർജിക്കാരൻ അനുമതി തേടുകയും കോടതി അത് അനുവദിക്കുകയും ചെയ്തു.
