സൈനികാവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. 2025-ൽ പ്രതിരോധ ബജറ്റിൽ 8.9 ശതമാനം വർധന വരുത്തിയതോടെ ഇന്ത്യയുടെ ആകെ സൈനിക ചെലവ് 9210 കോടി ഡോളറായി (ഏകദേശം 8.67 ലക്ഷം കോടി രൂപ) ഉയർന്നു. തുടർച്ചയായ പതിനൊന്നാം വർഷമാണ് ലോകമെമ്പാടും സൈനിക ചെലവുകൾ വർധിക്കുന്നത്. ആഗോളതലത്തിൽ പ്രതിരോധ ബജറ്റുകളുടെ ആകെ തുക 2.887 ലക്ഷം കോടി ഡോളറിലെത്തിയിട്ടുണ്ട്.
പട്ടികയിൽ അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്ത് ചൈനയും മൂന്നും നാലും സ്ഥാനങ്ങളിൽ യഥാക്രമം റഷ്യയും ജർമ്മനിയും ഇടംപിടിച്ചു. ആഗോള സൈനിക ചെലവിന്റെ 58 ശതമാനവും ഈ ആദ്യ നാല് രാജ്യങ്ങളുടേതാണ്. അതേസമയം, കഴിഞ്ഞ മൂന്ന് വർഷമായി യുക്രെയ്‌നിന് നൽകിയിരുന്ന സഹായം നിർത്തലാക്കിയതോടെ അമേരിക്കയുടെ ബജറ്റിൽ 7.5 ശതമാനത്തിന്റെ കുറവുണ്ടായി. എന്നാൽ ചൈനയുടെ പ്രതിരോധ ചെലവിൽ 7.4 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘർഷങ്ങൾ മേഖലയിലെ സൈനിക ചെലവ് വർധിക്കാൻ കാരണമായതായി സിപ്രി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാന്റെ സൈനിക ചെലവിൽ 11 ശതമാനം വർധനയുണ്ടായതോടെ അത് 1190 കോടി ഡോളറിലെത്തി. ചൈനയിൽ നിന്നുള്ള പുതിയ ആയുധക്കരാറുകളും ഇതിന് ആക്കം കൂട്ടി. ശീതയുദ്ധത്തിന് ശേഷം യൂറോപ്പിലെ സൈനിക ചെലവിൽ ഉണ്ടായ ഏറ്റവും വലിയ വർധന (14%) ലോകം നേരിടുന്ന അസ്ഥിരമായ സാഹചര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്.
