അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ കുറ്റം നിഷേധിച്ച് ഒന്നാം പ്രതിയും കോളേജിലെ പാത്തോളജി വിഭാഗം മുൻ മേധാവിയുമായ ഡോ. എം.കെ. റാം. നിതിൻ രാജിന്റെ മാനസിക വിഷമത്തിന് പിന്നിലെ യഥാർത്ഥ കാരണം താനല്ലെന്നും, മറ്റു പല കാരണങ്ങളാണ് ഇതിന് പിന്നിലെന്നും അന്വേഷണ സംഘത്തോട് റാം മൊഴി നൽകി. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി മോഹന ചന്ദ്രന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ജീവൻ ജോർജിന്റെ നേതൃത്വത്തിലാണ് റാമിനെ ചോദ്യം ചെയ്യുന്നത്.
5 ദിവസത്തെ പോലീസ് കസ്റ്റഡിയിലുള്ള ഇയാൾ കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ ചോദ്യം ചെയ്യലിൽ പോലീസ് ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി. കുട്ടികൾക്ക് മാർക്ക് കുറഞ്ഞപ്പോൾ ഒരു രക്ഷിതാവിനെപ്പോലെ ശകാരിക്കുക മാത്രമാണ് ചെയ്തതെന്നും, കേസിൽ ആരോപിക്കുന്നതുപോലെ യാതൊരുവിധ ജാതീയ അധിക്ഷേപങ്ങളും നടത്തിയിട്ടില്ലെന്നും റാം ഉറപ്പിച്ചു പറഞ്ഞു. മാർച്ച് 13-നാണ് നിതിൻ രാജിനെ അവസാനമായി കണ്ടത്. നിതിൻ മരിച്ച ഏപ്രിൽ 10-ന് പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ച് അധ്യാപകരുമായി കൂടിക്കാഴ്ച നടത്തുമ്പോൾ താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നും റാം കൂട്ടിച്ചേർത്തു.പ്രതിയുടെ പള്ളിക്കുന്നിലെ വീട്ടിലും ഭാര്യയുമൊത്ത് നടത്തുന്ന ക്ലിനിക്കിലും അന്വേഷണ സംഘം പരിശോധന നടത്തി. വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് ലഭിച്ച മൊബൈൽ ഫോൺ കൂടുതൽ പരിശോധനകൾക്കായി സൈബർ പോലീസിന് കൈമാറി. ക്ലിനിക്കിൽ നിന്ന് കണ്ടെടുത്ത ഡയറിയും മറ്റ് പ്രധാന രേഖകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രതിയെ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും.
