മിസ്റ്ററി ത്രില്ലർ ‘മായൻ ചാപ്റ്റർ 1’ പുതിയ പോസ്റ്റർ പുറത്ത്!

ജ യസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന പുതിയ മിസ്റ്ററി ട്രില്ലർ ചിത്രം ‘മായൻ ചാപ്റ്റർ 1’ൻ്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൻ്റെ ടീസർ ഉടൻ പുറത്തുവിടുമെന്ന പ്രഖ്യാപനവും പോസ്റ്ററിനൊപ്പമുണ്ട്. മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രം ഡിസംബർ 3-ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ‘ബിയോണ്ട് ദ ഷാഡോസ്’ എന്ന ടാഗ്ലൈനോടെ ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ജയസൂര്യ പ്രത്യക്ഷപ്പെടുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

പുതിയ പോസ്റ്ററിലും പോലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ കഥാപാത്രത്തിനാണ് പ്രാധാന്യം നൽകിയത്. ഇരുണ്ട പശ്ചാത്തലവും തകർന്ന ചില്ലുകൾക്കുള്ളിലെ കഥാപാത്രത്തിൻ്റെ തീവ്രമായ ഭാവവും ചിത്രത്തിൻ്റെ നിഗൂഢമായ അന്തരീക്ഷത്തിലേക്ക് സൂചന നൽകുന്നു. ടീസർ ഉടൻ എത്തും എന്ന പ്രഖ്യാപനം കൂടി വന്നതോടെ സിനിമയുടെ പ്രമേയത്തെക്കുറിച്ചും ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുമുള്ള ആകാംക്ഷ ആരാധകർക്കിടയിൽ വർധിച്ചിരിക്കുകയാണ്. നേരത്തെ പുറത്തുവന്ന ടൈറ്റിൽ വീഡിയോയും ചിത്രത്തിൻ്റെ വ്യത്യസ്തമായ കഥാലോകത്തെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.’കളങ്കാവൽ’ എന്ന ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രത്യേകതയും ‘മായൻ ചാപ്റ്റർ 1’ നുണ്ട്. ‘ഓർഡിനറി’, ‘അനാർക്കലി’ തുടങ്ങിയ വിജയചിത്രങ്ങൾ നിർമ്മിച്ചത് രാജീവ് ഗോവിന്ദൻ മാജിക് മൂൺ പ്രൊഡക്ഷൻ്റെ ബാനറിൽ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ്. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൈല ഉഷയാണ് ചിത്രത്തിലെ നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

രാജ്യാതിർത്തികൾ കടന്നുപോകുന്ന നിഗൂഢതകളുടെ ലോകമാണ് ചിത്രം അവതരിപ്പിക്കുന്നത് ഇതുവരെ പുറത്തുവന്ന സൂചനകൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള രഹസ്യ ആചാരങ്ങളും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന ശക്തികളും തമ്മിലുള്ള ബന്ധം കഥയുടെ പശ്ചാത്തലമാകുമെന്ന റിപ്പോർട്ടുകൾ ശ്രദ്ധയിൽ നേടിയിട്ടുണ്ട്. കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന ‘കറുത്തച്ചനൂട്ട്’ എന്ന ദുർമന്ത്രവാദ രീതിയും ചിത്രത്തിൻ്റെ പ്രമേയവുമായി ബന്ധപ്പെട്ടിരിക്കാമെന്ന ചർച്ചകളും സജീവമാണ്. നിഗൂഢതയും ആഗോള പശ്ചാത്തലവും സമന്വയിപ്പിക്കുന്ന ഒരു മികച്ച മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *