ഫോർട്ട് കൊച്ചിയെ പരാമർശിച്ചുള്ള ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിദ്വേഷ വീഡിയോയെ പിന്തുണച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദിയ കൃഷ്ണ. പാകിസ്ഥാൻ സ്ഥാപകനായ മുഹമ്മദലി ജിന്നയുടെ ഫോട്ടോ വെച്ചതുമായി ബന്ധപ്പെട്ട ആദ്യ ഭാഗം മാത്രം കണ്ടാണ് താൻ കമന്റ് ഇട്ടതെന്നും, വീഡിയോ പൂർണ്ണമായി കാണാതെ പ്രതികരിച്ചത് തെറ്റായിപ്പോയെന്നും ദിയ വ്യക്തമാക്കി. വിഷയത്തിൽ അവർ പരസ്യമായി മാപ്പും ചോദിച്ചു.
“മൂന്നാറിൽ ആയിരിക്കുമ്പോഴാണ് സോഷ്യൽ മീഡിയയിലൂടെ എന്നെക്കുറിച്ചുള്ള വളച്ചൊടിച്ച വാർത്തകൾ കാണുന്നത്. അത് സത്യത്തിൽ ഹൃദയഭേദകമായിരുന്നു. നോർത്തിലുള്ള ഒരു ഇൻഫ്ലുവൻസർ വർക്കലയിലെ ഒരു കഫേയിൽ ചെന്നുള്ള വീഡിയോയാണ് വിഷയം. അവിടെ ഗാന്ധിക്കൊപ്പം ജിന്നയുടെ ഫോട്ടോയും വെച്ചിട്ടുണ്ടായിരുന്നു. നമ്മുടെ കേരളത്തിനകത്ത് പാകിസ്ഥാൻ സ്ഥാപകന്റെ ഫോട്ടോ എന്തിനാണ് വെച്ചിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ആ വീഡിയോയുടെ ആദ്യ പകുതി കണ്ടിട്ടാണ് ഞാൻ ‘സാഡ് റിയാലിറ്റി’ എന്ന കമന്റ് ഇട്ടത്.അതിന്റെ രണ്ടാം പകുതിയിൽ അയാൾ എന്താണ് പറയുന്നതെന്ന് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. മറ്റൊരാൾ വീഡിയോ അയച്ചു തന്നപ്പോഴാണ് അത് മുഴുവനായി കാണുന്നത്. ജിന്നയുടെ ഫോട്ടോ കണ്ടതിലുള്ള പ്രതിഷേധം കൊണ്ടാണ് ആ കമന്റ് ഇട്ടത് അല്ലാതെ ഒരു മതത്തെയും അധിക്ഷേപിക്കാൻ വേണ്ടിയിട്ടല്ല. ഒരു പ്രത്യേക മതത്തെയോ വ്യക്തികളെയോ വെറുക്കണമെന്നോ അവരോട് വിദ്വേഷമുണ്ടെന്നോ ഞാൻ എവിടെയും പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല. എല്ലാവർക്കും അവരവരുടേതായ മതത്തോട് ഇഷ്ടമുള്ളതുപോലെ എനിക്കുമുണ്ട്, എന്നാൽ മറ്റൊരു മതത്തിനോടും എനിക്ക് എതിർപ്പില്ല.
ആ വീഡിയോ മുഴുവനായി കാണാതെ പകുതി മാത്രം കണ്ട് അങ്ങനെയൊരു കമന്റ് ഇട്ടത് എന്റെ ഭാഗത്തുനിന്നുള്ള തെറ്റാണ്. ആ കാര്യത്തിൽ ഞാൻ മാപ്പ് പറയുന്നു. ഓൺലൈനിൽ കാണുന്ന എല്ലാ കാര്യങ്ങളും വിശ്വസിച്ച് നെഗറ്റീവിറ്റി പരത്തുന്നവരുടെ വായയിൽ ചെന്ന് ചാടരുത് എന്ന് ദിയ കൃഷ്ണ വീഡിയോയിലൂടെ വ്യക്തമാക്കി.
