കേരളം ഇന്ന് ഉറ്റുനോക്കുന്നത് ഒരു ചോദ്യത്തിലേക്കാണ് – ആരാകും അടുത്ത മുഖ്യമന്ത്രി? യുഡിഎഫ് 102 സീറ്റുകൾ നേടി വമ്പൻ വിജയം ആഘോഷിക്കുമ്പോഴും, എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഏഴു ദിവസം വൈകുന്നത് എന്നതിനെച്ചൊല്ലി സി.പി.എമ്മും ബി.ജെ.പിയും വലിയ ദണ്ണത്തിലാണ്. സൈബർ ലോകത്ത് സഖാക്കളും ബിജെപിക്കാരും കണ്ണീരൊഴുക്കുകയാണ്. “എന്തേ മുഖ്യമന്ത്രിയെ തീരുമാനിക്കാത്തത്?”, “കോൺഗ്രസിൽ തർക്കമാണോ?” എന്നൊക്കെ ചോദിച്ചാണ് ഇവരുടെ വിലാപം. സ്വന്തം പാർട്ടി തകർന്നടിഞ്ഞതോ, വോട്ട് ചോർന്നതോ ഒന്നും ഇവർക്ക് പ്രശ്നമല്ല. കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നതാണ് അവരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ‘നാഷണൽ ഇഷ്യൂ’.
നമ്മുടെ ശൈലജ ടീച്ചർപോലും ഇതിൽ ആശങ്ക പ്രകടിപ്പിച്ചു കണ്ടു. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇത്ര കഷ്ടമാണെങ്കിൽ ഭരണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്നാണ് ടീച്ചറുടെ ചോദ്യം. , നമുക്ക് അല്പം പുറകോട്ട് പോകാം. 2021-ലെ ആ മെയ് മാസം ടീച്ചർക്ക് ഒാർമ്മയില്ലെങ്കിലും ജനങ്ങൾക്ക് ഒാർമ്മയുണ്ടോ? മെയ് 2-ന് ഫലം വന്ന രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്തത് മെയ് 20-നാണ്. 18 ദിവസമാണ് അന്ന് എടുത്തത്. അന്ന് ടീച്ചറെ മുഖ്യമന്ത്രിയാക്കണം എന്ന് ഒരു വിഭാഗം വാദിച്ചതും, പിന്നീട് ടീച്ചറെ മന്ത്രിസഭയിൽ നിന്ന് തന്നെ വെട്ടി നിരത്തിയതും കേരളം മറന്നിട്ടില്ല. 18 ദിവസം കൊണ്ട് മുഖ്യമന്ത്രിയെ തീരുമാനിച്ചവർക്ക് ഏഴു ദിവസം കൊണ്ട് തീരുമാനമെടുക്കുന്ന കോൺഗ്രസിനെ പരിഹസിക്കാൻ എന്ത് അവകാശമാണുള്ളത്?
ഈ സംഭവം മാത്രമല്ല
സിപിഎമ്മിന്റെ ചരിത്രം പരിശോധിച്ചാൽ ഇത്തരം കാലതാമസങ്ങളുടെയും അട്ടിമറികളുടെയും വലിയൊരു ശേഖരം തന്നെ കാണാം. നമുക്ക് 1996-ലേക്ക് പോയാൽ, അന്ന് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. വിഎസ് മുഖ്യമന്ത്രിയാകുമെന്ന് എല്ലാവരും ഉറപ്പിച്ചു. പക്ഷേ മാരാരിക്കുളത്ത് വിഎസ് അട്ടിമറിക്കപ്പെട്ടു. അത് പാർട്ടിക്കുള്ളിലെ ശത്രുക്കൾ തന്നെ ചെയ്തതാണെന്ന് അന്ന് ആക്ഷേപമുണ്ടായിരുന്നു.
തുടർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ സി.പി.എമ്മിൽ നടന്നത് വലിയ പോരാട്ടമായിരുന്നു. കേന്ദ്ര കമ്മിറ്റി സുശീല ഗോപാലന്റെ പേരാണ് നിർദ്ദേശിച്ചത്. ആ തീരുമാനവുമായി ഇ.കെ. നായനാർ തിരുവനന്തപുരത്ത് വിമാനമിറങ്ങി. പക്ഷേ പിറ്റേന്ന് നടന്ന സ്റ്റേറ്റ് കമ്മിറ്റിയിൽ നടന്നത് ഒരു ‘കൊട്ടാര വിപ്ലവം’ ആയിരുന്നു. കണ്ണൂർ ലോബിയും വിഎസ് പക്ഷവും കൈകോർത്തു. വോട്ടെടുപ്പ് നടന്നു. എംഎൽഎ പോലുമല്ലാതിരുന്ന ഇ.കെ. നായനാർ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. മെയ് 10-ന് ഫലം വന്നിട്ട് നായനാർ മുഖ്യമന്ത്രിയായത് മെയ് 18-നാണ്. എംഎൽഎ അല്ലാതിരുന്ന നായനാരെ മുഖ്യമന്ത്രിയാക്കിയവർക്ക്, ഇന്ന് കെ.സി. വേണുഗോപാലിന്റെ പേര് കേൾക്കുമ്പോൾ എന്തിനാണ് ഇത്ര അസഹിഷ്ണുത?
ഇതിലും വലിയ ചതി നടന്നത് 1987-ലാണ്. “കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ. ഗൗരി ഭരിച്ചീടും” എന്നായിരുന്നു അന്ന് എൽ.ഡി.എഫിന്റെ മുദ്രാവാക്യം. ആ ഒരൊറ്റ മുദ്രാവാക്യത്തിൽ സ്ത്രീകൾ ഒഴുകിയെത്തി വോട്ട് ചെയ്തു. ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ച് ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. മാധ്യമങ്ങളോട് തന്റെ കർമ്മപദ്ധതികളെക്കുറിച്ച് അവർ വിശദീകരിച്ചു. പക്ഷേ തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും കളി മാറി. കണ്ണൂർ ലോബി അപ്പോഴേക്കും നായനാരെ മുഖ്യമന്ത്രിയാക്കി ഉറപ്പിച്ചിരുന്നു. മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി എന്ന് പറയുന്നത് പോലെയായിരുന്നു ഗൗരിയമ്മയുടെ അവസ്ഥ. ഈ ചരിത്രമൊക്കെ പേറുന്നവരാണ് ഇന്ന് ജനാധിപത്യപരമായ ചർച്ചകൾ നടത്തുന്ന കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നത്.
ഇനി നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്യം. കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതിൽ അദ്ദേഹത്തിന് വലിയ സങ്കടമാണ്. ബംഗാളിൽ വിജയിച്ചതിന്റെ സന്തോഷത്തിനിടയിലും കേരളത്തെ അദ്ദേഹം ഓർക്കുന്നു. കേരളത്തിൽ 140-ൽ 3 സീറ്റ് കിട്ടിയ ബിജെപി ഭരണം പിടിക്കുമെന്ന് വരെ പറഞ്ഞിരുന്നു. എന്നിട്ടിപ്പോൾ യുഡിഎഫിനെ പരിഹസിക്കുന്നു.
പ്രധാനമന്ത്രിയോട് ഒരു ചോദ്യം – പശ്ചിമേഷ്യൻ പ്രതിസന്ധിയിലും അമേരിക്ക-ഇറാൻ സംഘർഷത്തിലും ഇന്ത്യക്ക് കൃത്യമായ ഒരു നയമുണ്ടോ? നെഹ്റുവിന്റെ കാലത്ത് നമുക്കൊരു ‘ചേരിചേരാ നയം’ ഉണ്ടായിരുന്നു. ഇന്ന് ആ നെഹ്റുവിനെ അധിക്ഷേപിക്കലാണ് മോദിയുടെയും സംഘപരിവാറിന്റെയും പ്രധാന ജോലി. വിദേശ നയങ്ങളിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രി ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് വേവലാതിപ്പെടുന്നത് എന്തിനാണ്?
ബിജെപിയിൽ എങ്ങനെയാണ് കാര്യങ്ങൾ നടക്കുന്നത്? 2025-ലെ ഡൽഹി തിരഞ്ഞെടുപ്പ് നോക്കൂ. കജരിവാളിനെ തോൽപ്പിച്ച് ബിജെപി അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്ന് പ്രമുഖരുടെ പേരാണ് ഉയർന്നു വന്നത് – പർവേഷ് വർമ്മ, വിജീന്ദർ ഗുപ്ത, മനോജ് തിവാരി. ഇവർക്കായി വലിയ ലോബിയിംഗ് നടന്നു. എന്നാൽ അവസാനം മോദിയും അമിത് ഷായും കൂടി ആരും പ്രതീക്ഷിക്കാത്ത രേഖ ഗുപ്തയെ മുഖ്യമന്ത്രിയാക്കി. സ്വന്തം കടിഞ്ഞാൺ ഇല്ലാത്തവരെ ഭരണത്തിൽ ഇരുത്തി പിന്നിൽ നിന്ന് ഭരിക്കുക എന്നതാണ് ഇവരുടെ നയം. ഇത് തന്നെയല്ലേ ജെ.പി. നദ്ദയുടെയും നിതിൻ നബിന്റെയും കാര്യത്തിൽ നമ്മൾ കണ്ടത്? നിതിൻ നബിൻ എന്ന പേര് എത്ര ബിജെപി പ്രവർത്തകർ ഇതിനു മുമ്പ് കേട്ടിട്ടുണ്ട്?
ഇനി കോൺഗ്രസിലേക്ക് വരാം. കോൺഗ്രസ് ഒരു കേഡർ പാർട്ടിയല്ല, അതൊരു ജനകീയ പ്രസ്ഥാനമാണ്. അവിടെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും, അത് ചർച്ച ചെയ്യപ്പെടും. സതീശനും രമേശും വേണുഗോപാലും കേരളത്തെ നയിക്കാൻ സർവ്വഥാ യോഗ്യരാണ്. അവരുടെ അനുയായികൾ ഫ്ലെക്സ് വെക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും അല്പം അതിരുകടന്നതാകാം. പക്ഷേ, ജനാധിപത്യപരമായ ഒരു തിരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് എല്ലാവരെയും കേൾക്കുന്നുണ്ട്.
രാഹുൽ ഗാന്ധി പറഞ്ഞത് പോലെ ഇതൊരു ‘കൂളിംഗ് പിരീഡ്’ ആണ്. തിരഞ്ഞെടുപ്പ് ചൂട് ഒന്ന് ആറട്ടെ, വികാരങ്ങൾ അടങ്ങട്ടെ. എ.കെ. ആന്റണിയെയും സോണിയാ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലുള്ള നേതാക്കളുടെ അഭിപ്രായം തേടി ഏറ്റവും മികച്ച ഒരാളെ അവർ തീരുമാനിക്കും. അതിന് ജനാധിപത്യപരമായ സമയം ആവശ്യമാണ്.
അതുകൊണ്ട് , സി.പി.എമ്മും ബി.ജെ.പിയും കോൺഗ്രസിനെ ഓർത്ത് വിഷമിക്കേണ്ട. ആ പാർട്ടി അതിന്റെ നേതാവിനെ തീരുമാനിച്ചുകൊള്ളും. ഭരണസ്തംഭനം ഉണ്ടാകുമെന്ന് പേടിപ്പിക്കേണ്ട. ജനങ്ങൾ നൽകിയ ഈ വലിയ ഭൂരിപക്ഷം ഉത്തരവാദിത്തത്തോടെ വിനിയോഗിക്കാൻ അവർക്കറിയാം. മറ്റുള്ളവരുടെ വീട്ടിലെ അടുക്കളയിൽ എന്ത് വേവുന്നു എന്ന് നോക്കുന്നതിനേക്കാൾ നല്ലത് സ്വന്തം പാർട്ടിയുടെ തകർച്ചയുടെ കാരണങ്ങൾ തിരയുന്നതാണ്.
