കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ നിയമിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി മുസ്ലിം ലീഗ് നേതൃത്വം. കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഫോണിൽ വിളിച്ച് അഭിപ്രായം തേടിയപ്പോഴാണ് ലീഗ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകുന്നതിൽ ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിൽ ഭാവി നിലപാടുകൾ ചർച്ച ചെയ്യാൻ ഇന്ന് രാവിലെ 10 മണിക്ക് പാണക്കാട് അടിയന്തര യോഗം ചേരും. ഹൈക്കമാൻഡ് തീരുമാനം സതീശന് വിരുദ്ധമായാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാകും പ്രധാന ചർച്ച. മുഖ്യമന്ത്രി ആരാകണമെന്നതിൽ ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ലീഗ് എം.എൽ.എമാരും നേതാക്കളും ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതിനിടെ, വയനാട്ടിലും കോഴിക്കോടും രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കേരളം മറ്റൊരു അമേഠിയായി മാറും, സുരക്ഷിത സീറ്റ് തേടി ഇനി ഇങ്ങോട്ട് വരേണ്ടതില്ല എന്നാണ് പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നു. കൽപ്പറ്റ ഡി.സി.സി ഓഫീസിന് സമീപവും മുക്കത്തെ പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന് മുന്നിലുമാണ് ഇംഗ്ലീഷിലുള്ള പോസ്റ്ററുകൾ പതിപ്പിച്ചത്. കെ.സി വേണുഗോപാലിനെ ലക്ഷ്യം വെച്ചും പോസ്റ്ററുകളിൽ വിമർശനമുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള അവസാനവട്ട ചർച്ചകൾക്ക് ശേഷം ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടായേക്കും. കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ അവകാശവാദങ്ങളും നിരീക്ഷകരുടെ റിപ്പോർട്ടും പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. ഘടകകക്ഷികളുമായി രാഹുൽ ഗാന്ധി നേരിട്ട് സംസാരിക്കുമെന്നാണ് സൂചന.
