തായ്വാൻ ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കരുത് എന്ന ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ടുദിവസത്തെ ഔദ്യോഗിക ചൈനാ സന്ദർശനത്തിനുശേഷമാണ് ട്രംപിന്റെ നിർണായക പ്രതികരണം. എന്നാൽ, തായ്വാൻ പൂർണ്ണ സ്വതന്ത്രവും പരമാധികാരവുമുള്ള ജനാധിപത്യ രാജ്യമാണെന്നും ചൈനയുടെ ആശ്രിതരല്ലെന്നും തായ്വാൻ വിദേശകാര്യമന്ത്രാലയം ഇതിനോട് തിരിച്ചടിച്ചു.
തായ്വാന്റെ കാര്യത്തിൽ അമേരിക്ക ഇടപെടരുതെന്നും അത് ഉഭയകക്ഷിബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ്, ‘ആരെങ്കിലും സ്വതന്ത്രരാകണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും, ഒരു യുദ്ധത്തിനായി 9,500 മൈൽ സഞ്ചരിക്കാൻ തനിക്ക് താല്പര്യമില്ലെന്നും’ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയത്. തായ്വാന്റെ സ്വാതന്ത്ര്യത്തോടുള്ള അമേരിക്കയുടെ എതിർപ്പ് ഇതാദ്യമായാണ് ഒരു പ്രസിഡന്റ് പരസ്യമായി പ്രകടിപ്പിക്കുന്നത്.തായ്വാനെ ചൈനയുടെ ഭാഗമായി കാണുന്ന ‘വൺ ചൈന’ നയത്തെ വർഷങ്ങളായി അമേരിക്ക പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ചൈനീസ് അധിനിവേശമുണ്ടായാൽ തായ്വാന്റെ സഹായത്തിനെത്തുമെന്ന വാഗ്ദാനവും നിലനിന്നിരുന്നു. തായ്വാന് സ്വയംരക്ഷയ്ക്കായി ആയുധങ്ങൾ നൽകാൻ അമേരിക്ക നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി ജനുവരിയിൽ അമേരിക്കൻ കോൺഗ്രസ് 1400 കോടി ഡോളറിന്റെ ആയുധക്കൈമാറ്റത്തിന് അനുമതി നൽകിയിരുന്നെങ്കിലും, ഇക്കാര്യത്തിൽ താൻ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
