രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വയനാട്ടിൽ. പോസ്റ്റർ യുദ്ധം,

കോൺഗ്രസിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ, വയനാട്ടിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പരസ്യമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവം ഹൈക്കമാൻഡ് അതീവ ഗൗരവത്തോടെ കാണുന്നു. പോസ്റ്ററുകൾക്ക് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ടി. സിദ്ദിഖ് എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കടന്നാക്രമിക്കുന്ന ഭാഷയാണുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ ഹൈക്കമാൻഡ് പിന്തുണയ്ക്കുന്നതിനെതിരെയാണ് പ്രധാന പ്രതിഷേധം. കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വെറുമൊരു ‘പെട്ടിയെടുപ്പുകാരൻ’ മാത്രമാണെന്ന് പോസ്റ്ററുകളിൽ ആക്ഷേപിക്കുന്നു. രാഹുലിന്റെയും പ്രിയങ്കയുടെയും ‘വിഡ്ഢിത്തരങ്ങൾക്ക്’ കേരളം മാപ്പ് നൽകില്ലെന്നും, വയനാട് ഇനി ഗാന്ധി കുടുംബത്തെ തുണയ്ക്കില്ലെന്നും പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നു. ‘വയനാടിനെ മറന്നേക്കൂ’ എന്ന വാചകവും പോസ്റ്ററുകളിൽ ഇടംപിടിച്ചിട്ടുണ്ട്.
നിലവിൽ പാർട്ടിയിലെ കെ.സി. വേണുഗോപാൽ അനുകൂലികളും വി.ഡി. സതീശൻ പക്ഷവും പോസ്റ്ററുകൾക്ക് പിന്നിൽ എതിർ വിഭാഗമാണെന്ന് പരസ്പരം ആരോപിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *