ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ വീരമൃത്യു വരിച്ച രണ്ട് ഇന്ത്യൻ സൈനികർക്ക് മരണാനന്തര ബഹുമതി. കോംഗോയിൽ സേവനമനുഷ്ഠിച്ച ലാൻസ് ഹവിൽദാർ ഹർഭജൻ സിങ്, ദക്ഷിണ സുഡാനിൽ സേവനത്തിലിരിക്കെ മരിച്ച നായിബ് സുബേദാർ സുജിത് കുമാർ പ്രധാൻ എന്നിവർക്കാണ് യു.എൻ ആദരമർപ്പിക്കുന്നത്. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇവർക്കുള്ള മെഡലുകൾ സമ്മാനിക്കും.
അന്താരാഷ്ട്ര സമാധാനപാലക ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ മറ്റൊരു സുപ്രധാന നേട്ടവും ഇന്ത്യയെ തേടിയെത്തുന്നുണ്ട്. ലെബനനിലെ യു.എൻ ദൗത്യസേനയിൽ സേവനമനുഷ്ഠിക്കുന്ന മേജർ അഭിലാഷ ബരാക്കിന് 2025-ലെ ‘മിലിറ്ററി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്കാരം ഇതേ ചടങ്ങിൽ സമ്മാനിക്കും. യു.എൻ സമാധാന ദൗത്യങ്ങൾക്കിടയിൽ ജീവൻ വെടിഞ്ഞ ധീരരായ സേനാംഗങ്ങളെ ആദരിക്കുന്നതിനായി എല്ലാ വർഷവും മേയ് 29 അന്താരാഷ്ട്ര സമാധാനപാലക ദിനമായി ആചരിച്ചുവരുന്നു.
