ഹിന്ദ് റജബിനെ കൊന്നവർക്ക് സംഭവിച്ചത്!

നമ്മൾ പലപ്പോഴും കേൾക്കാറുള്ള, അല്ലെങ്കിൽ വിശ്വസിക്കാറുള്ള ഒരു വാക്കാണ് ‘കർമ്മ’ എന്നത്. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ, അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ഒടുവിൽ ഏതെങ്കിലും ഒരു കാലത്ത് നമ്മളിലേക്ക് തന്നെ തിരികെ വരും എന്ന് പറയാറില്ലേ? ചിലപ്പോൾ അത് ചോദിക്കാതെയും പറയാതെയും ഒക്കെയാവും നമ്മുടെ ജീവിതത്തിലേക്ക് വരുന്നത്. ഇന്ന് ഞാൻ നിങ്ങളോട് പങ്കുവെക്കാൻ പോകുന്നത് ഒരു കഥയല്ല, കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ തെളിവുകൾ സഹിതം പുറത്തുവന്ന, കേൾക്കുമ്പോൾ ശരിക്കും നെഞ്ച് പിടയുന്ന, അതേസമയം ഒരു നിമിത്തം പോലെ തോന്നിക്കുന്ന അതിശയിപ്പിക്കുന്ന ഒരു യഥാർത്ഥ സംഭവമാണ്.
ഇതിനെ നിങ്ങൾക്ക് ‘കർമ്മ’ എന്ന് വേണമെങ്കിൽ വിളിക്കാം, അല്ലെങ്കിൽ പ്രകൃതിയുടെ നീതി എന്ന് പറയാം, അതല്ലെങ്കിൽ ദൈവം അറിഞ്ഞു കൊടുത്ത ശിക്ഷയെന്നും കരുതാം. അത് നിങ്ങളുടെ ഇഷ്ടത്തിന് വിടുന്നു. പക്ഷേ, ഈ സംഭവം നമ്മളെ ഒരു കാര്യം ഓർമ്മിപ്പിക്കുന്നുണ്ട്—അധികാരവും ആയുധബലവും കൊണ്ട് നമ്മൾ ചെയ്യുന്ന ക്രൂരതകൾക്ക് കാലം എവിടെയെങ്കിലും ഒരു കണക്ക് ബാക്കിവെക്കുന്നുണ്ടാകും. എന്താണ് ആ സംഭവമെന്നല്ലേ? നമുക്ക് വിശദമായി തന്നെ നോക്കാം.

നമുക്ക് ആദ്യം കുറച്ചു മാസങ്ങൾ പുറകോട്ട് പോകേണ്ടതുണ്ട്. നിങ്ങൾക്ക് എല്ലാവർക്കും ഓർമ്മയുണ്ടാകും, ‘ഹിന്ദ് റജബ്’ എന്ന ആറുവയസ്സുകാരിയായ ആ പലസ്തീനിയൻ പെൺകുട്ടിയുടെ മുഖം. ഗസയിലെ കൂട്ടക്കുരുതിക്കിടയിൽ ലോകമനസ്സാക്ഷിയെ ഏറ്റവും കൂടുതൽ ഉലച്ച ഒരു സംഭവമായിരുന്നു അത്. 2024 ജനുവരിയിൽ ഗസ സിറ്റിയിലെ ‘ടെൽ അൽ-ഹവ’ എന്ന സ്ഥലത്ത് വെച്ചാണ് ആ ക്രൂരത നടക്കുന്നത്. ഇസ്രായേലിന്റെ ടാങ്കുകളും സൈന്യവും ആ പ്രദേശത്തേക്ക് ഇരച്ചുകയറുന്ന സമയം. ഭയന്നുവിറച്ച ഹിന്ദും അവളുടെ കുടുംബവും ഒരു കാറിലാണ് അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്.
പക്ഷേ, ആ വണ്ടിക്ക് നേരെ ഇസ്രായേലി സൈന്യം ക്രൂരമായി വെടിയുതിർത്തു. ഹിന്ദിന്റെ കൺമുന്നിൽ വെച്ചാണ് അവളുടെ മാതാപിതാക്കളും കൂടപ്പിറപ്പുകളും ബന്ധുക്കളും ചോരയിൽ വാർന്ന് മരിച്ചു വീണത്. ആ മൃതദേഹങ്ങൾക്കിടയിൽ, ചോരക്കനാലായി മാറിയ ആ കാറിനുള്ളിൽ ആറുവയസ്സുകാരിയായ ആ കുഞ്ഞ് മാത്രം ജീവനോടെ ബാക്കിയായി. ചുറ്റും ഇസ്രായേലി ടാങ്കുകൾ വളഞ്ഞിരിക്കുകയാണ്. പുറത്തിറങ്ങാൻ കഴിയില്ല.
ആ സമയത്ത് അവൾ പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ എമർജൻസി നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യർത്ഥിച്ചു. ആ ഫോൺ കോളിന്റെ ഓഡിയോ റെക്കോർഡിങ്ങുകൾ പിന്നീട് പുറത്തുവന്നിരുന്നു. ലോകത്ത് അതുകേട്ട ഒരാളുടെയും കണ്ണ് നിറയാതിരുന്നിട്ടില്ല. “എന്നെ ഇവിടുന്ന് കൊണ്ടുപോകൂ… എനിക്ക് പേടിയാവുന്നു. ഇസ്രായേലി ടാങ്കുകൾ എന്റെ അടുത്തേക്ക് വരുന്നുണ്ട്. ഇവിടെ എല്ലാവരും മരിച്ചുകിടക്കുകയാണ്…” എന്ന് പറഞ്ഞ് ആ കുഞ്ഞ് കരയുകയായിരുന്നു. മണിക്കൂറുകളോളം അവൾ ആ ഫോണിൽ സംസാരിച്ചു. ഒടുവിൽ, “എന്റെ കണ്ണിൽ ഇരുട്ട് കയറുന്നു… എന്നെ രക്ഷിക്കാൻ ആരും വരില്ലേ?” എന്ന് ചോദിച്ച് ആ ശബ്ദം നിലച്ചു.
കുട്ടിയെ രക്ഷിക്കാൻ വേണ്ടി ഇസ്രായേലി സൈന്യത്തിന്റെ മുൻകൂർ അനുമതിയോടെ അങ്ങോട്ട് പുറപ്പെട്ട ഒരു ആംബുലൻസ് ഉണ്ടായിരുന്നു. അതിൽ രണ്ട് പാരാമെഡിക് ജീവനക്കാരുണ്ടായിരുന്നു. എന്നാൽ, ആ ആംബുലൻസ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് ഇസ്രായേൽ സൈന്യം അതിനെ ബോംബിട്ട് തകർത്തു, ആ ജീവനക്കാരെയും കൊന്നുകളഞ്ഞു. രണ്ട് ദിവസത്തോളമാണ് ആ കുഞ്ഞ് ആ വണ്ടിക്കകത്ത് വിശപ്പും ദാഹവും ഭയവുമായി മരണത്തോട് പൊരുതി കിടന്നത്. ദിവസങ്ങൾക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥർ അവിടെ എത്തിയപ്പോഴാണ് ഹിന്ദിന്റെയും അവളുടെ കുടുംബത്തിന്റെയും ആംബുലൻസ് ജീവനക്കാരുടെയും ജീവനറ്റ ശരീരങ്ങൾ കണ്ടെത്തുന്നത്.

   ഈ സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായി. അമേരിക്കയും ഇസ്രായേലും ഒക്കെ ചേർന്ന് ഇത് സാധാരണ ഒരു യുദ്ധത്തിനിടയിലെ അനിഷ്ട സംഭവം മാത്രമായി ഒതുക്കാൻ നോക്കി. പക്ഷേ വിട്ടു കൊടുക്കാൻ തയ്യാറാകാതെ ചില മനുഷ്യാവകാശ സംഘടനകളും, ഫോറൻസിക് വിദഗ്ധരും, അന്താരാഷ്ട്ര മാധ്യമങ്ങളും ചേർന്ന് ഇതിനെക്കുറിച്ച് ഒരു സംയുക്ത അന്വേഷണം നടത്തി. ഉപഗ്രഹ ചിത്രങ്ങളും, വണ്ടിയിൽ പതിച്ച വെടിയുണ്ടകളുടെ ഫോറൻസിക് പരിശോധനയും, ഡിജിറ്റൽ തെളിവുകളും ഒക്കെ അവർ ശേഖരിച്ചു.

അങ്ങനെയാണ് ആ ഞെട്ടിക്കുന്ന സത്യം പുറത്തുവരുന്നത്. അന്ന് ആ കുഞ്ഞിനെയും കുടുംബത്തെയും ക്രൂരമായി വെടിവെച്ചു കൊന്നതിനും, രക്ഷിക്കാൻ വന്ന ആംബുലൻസ് തകർത്തതിനും പിന്നിൽ ഇസ്രായേലി ഡിഫൻസ് ഫോഴ്സിന്റെ (IDF) 401-ാമത് ആർമഡ് ബ്രിഗേഡിന് കീഴിലുള്ള ’52-ാം ബറ്റാലിയൻ’ ആയിരുന്നു! ഈ ബറ്റാലിന് കീഴിലുള്ള ഒരു പ്രത്യേക കമ്പനിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം മുഴുവൻ നടന്നത്.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ICC) ഈ 52-ാം ബറ്റാലിയനിലെ കമാൻഡർമാർക്കും ഉദ്യോഗസ്ഥർക്കും എതിരെ യുദ്ധക്കുറ്റത്തിന് മനുഷ്യാവകാശ സംഘടനകൾ പരാതി നൽകി. വലിയ തെളിവുകൾ ഉണ്ടായിട്ടും, അധികാരത്തിന്റെ ശക്തിയിൽ ആ സൈനികരും കമാൻഡർമാരും ഒരു പരിക്കുമേൽക്കാതെ നിയമത്തിന് മുന്നിൽ വരാതെ രക്ഷപ്പെട്ടു നടക്കുകയായിരുന്നു. കേസ് അവിടെ ഫയലുകളിൽ ഒതുങ്ങി.

       എന്നാൽ , കഥ ഇവിടെ തീരുന്നില്ല. മനുഷ്യൻ എഴുതിത്തള്ളുന്ന കണക്കുകൾ പ്രകൃതി എഴുതിത്തള്ളാറില്ല എന്ന് പറയുന്നത് എത്ര ശരിയാണെന്ന് തെളിയിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഗസയിലെ ഈ ഓപ്പറേഷനുകൾക്ക് ശേഷം, ഇതേ 52-ാം ബറ്റാലിയനെ ഇസ്രായേൽ വടക്കൻ അതിർത്തിയിലേക്ക്, അതായത് തെക്കൻ ലെബനനിലേക്ക് യുദ്ധത്തിനായി നിയോഗിച്ചു. ഹിസ്ബുള്ളയ്ക്ക് എതിരെ ഓപ്പറേഷൻ നടത്താനായിരുന്നു ഇവരെ അയച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രിയിൽ, തെക്കൻ ലെബനനിലെ ‘ക്ലാർ ടിബറ്റ്’ എന്ന പ്രദേശത്തുകൂടി ഈ ബറ്റാലിയനിലെ കമാൻഡർമാർ സഞ്ചരിച്ച ‘മെർക്കാവ-4’ എന്ന അത്യാധുനിക ടാങ്ക് കടന്നുപോകുകയായിരുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ടാങ്ക് എന്നാണ് ഇസ്രായേൽ മെർക്കാവയെ വിശേഷിപ്പിക്കുന്നത്. എന്നാൽ അവിടെ വെച്ച് ഹിസ്ബുള്ളയുടെ അതിശക്തമായ ഒരു ഒളിപ്പോർ ആക്രമണം ഇവർക്ക് നേരിടേണ്ടി വന്നു. സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഡ്രോൺ ഉപയോഗിച്ചാണോ അതോ മറ്റേതെങ്കിലും അത്യാധുനിക ആന്റി-ടാങ്ക് മിസൈൽ കൊണ്ടാണോ എന്ന് കൃത്യമായി തിരിച്ചറിയാൻ പോലും ഐ.ഡി.എഫിന് കഴിഞ്ഞിട്ടില്ല. ആ ടാങ്ക് ആകെ തകർന്നു തരിപ്പണമായി.
അതിനകത്തുണ്ടായിരുന്ന കമാൻഡർ ലെഫ്റ്റനന്റ് കേണൽ ഡോർ ബെഷ് ഷിംചോൻ ഉൾപ്പെടെ നാല് ഇസ്രായേലി ഉന്നത സൈനികരാണ് ആ സ്പോട്ടിൽ തന്നെ വെന്ത് മരണപ്പെട്ടത്! ഏറ്റവും വലിയ അതിശയം എന്താണെന്നറിയാമോ? അന്ന് ആറുവയസ്സുകാരിയായ ഹിന്ദ് റജബ് എന്ന കുഞ്ഞ് വണ്ടിക്കകത്ത് കുടുങ്ങി, സഹായം കിട്ടാതെ രണ്ട് ദിവസം കിടന്നതുപോലെ തന്നെ, ഈ ആക്രമണം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഇസ്രായേൽ സൈന്യത്തിന് ആ തകർന്ന ടാങ്ക് കണ്ടെത്താനും അതിനകത്ത് ഇവരുടെ മൃതദേഹങ്ങൾ കിടപ്പുണ്ടെന്ന് മനസ്സിലാക്കാനും കഴിഞ്ഞത്!
അതായത്, അന്ന് ആ കുഞ്ഞിനെ ആരും രക്ഷിക്കാനില്ലാതെ രണ്ട് ദിവസം മരണത്തിലേക്ക് തള്ളിവിട്ട അതേ ബറ്റാലിയനിലെ ആളുകൾ, രണ്ട് ദിവസത്തോളം ആ ടാങ്കിനുള്ളിൽ ആരും അറിയാതെ വെന്തുരുകി കിടക്കേണ്ടി വന്നു. അന്താരാഷ്ട്ര മാധ്യമങ്ങൾ തെളിവുകൾ സഹിതം ഈ വാർത്ത പുറത്തുവിട്ടപ്പോഴാണ് ലോകം ഈ വലിയ ‘കാവ്യനീതി’ തിരിച്ചറിഞ്ഞത്.

തീർച്ചയായും, യുദ്ധത്തിൽ ദിവസവും രണ്ട് വശത്തും ആളുകൾ മരിക്കുന്നുണ്ട്. ഇസ്രായേലിന്റെ ഒട്ടനവധി സൈനികർ ലെബനനിലും ഗസയിലുമായി ഓരോ ദിവസവും കൊല്ലപ്പെടുന്നുണ്ട്. അതിന്റെ കൃത്യമായ വിവരങ്ങൾ പലപ്പോഴും ഇസ്രായേൽ പുറത്തുവിടാറുമില്ല. പക്ഷേ, കൃത്യമായി ഹിന്ദ് റജബിന്റെ കൊലപാതകത്തിന് കാരണക്കാരായ അതേ ബറ്റാലിയന് തന്നെ, അതേ രീതിയിലുള്ള ഒരു അന്ത്യം വന്നെത്തി എന്നുള്ളത് നമ്മളെ ചിന്തിപ്പിക്കേണ്ട ഒന്നാണ്.
മനുഷ്യൻ നിർമ്മിച്ച കോടതികളിൽ നിന്നും നിയമങ്ങളിൽ നിന്നും നിങ്ങൾക്ക് സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടാൻ കഴിഞ്ഞേക്കാം, പക്ഷേ പ്രകൃതിയുടെ അല്ലെങ്കിൽ ദൈവത്തിന്റെ ചില കോടതികളുണ്ട്, അവിടെ വിധി വരുന്നത് ഇങ്ങനെയൊക്കെയായിരിക്കും. നമ്മൾ മുൻപും കണ്ടിട്ടുണ്ട്—കഴിഞ്ഞ ആഴ്ച ഗസയിലെ മനുഷ്യരെ മുഴുവൻ കൊന്നൊടുക്കാൻ പ്രാർത്ഥിച്ച ഒരു ഇന്ത്യൻ പിതാവിന്റെ മകൻ അമേരിക്കയിലെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട വാർത്ത നമ്മൾ ചർച്ച ചെയ്തതാണ്. അതിന് തൊട്ടുപിന്നാലെയാണ് ദാ ഈ ഒരു വാർത്തയും വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *