ആന്റണിയും ഉമ്മൻചാണ്ടിയും വളർന്ന പ്രസ്ഥാനം ഇന്ന് എവിടെ?

അൻപത്തിയേഴിൻ കാലത്ത്, ആലപ്പുഴയുടെ തീരത്ത്, ആന്റണി–വയലാർ–ഉമ്മൻചാണ്ടി പടുത്തുയർത്തിയ പ്രസ്ഥാനം” എന്ന മുദ്രാവാക്യം പതിറ്റാണ്ടുകളോളം കേരളത്തിലെ സ്കൂളുകളുടെയും കോളേജുകളുടെയും സർവകലാശാലകളുടെയും ഇടനാഴികളിൽ മുഴങ്ങിക്കേട്ടിരുന്നു. ഒരു രാഷ്ട്രീയ വിദ്യാർത്ഥി സംഘടന മാത്രമല്ല, നിരവധി തലമുറകളിലെ നേതാക്കളെ വളർത്തിയെടുത്ത രാഷ്ട്രീയ വിദ്യാലയം കൂടിയായിരുന്നു കെഎസ്‌യു. ഇന്ന് സംഘടന രൂപീകരിച്ച് 69 വർഷം പിന്നിടുമ്പോൾ, അതിന്റെ ഉജ്ജ്വലമായ ഭൂതകാലവും വെല്ലുവിളികൾ നിറഞ്ഞ വർത്തമാനവും ഒരുപോലെ ചർച്ചയാകുകയാണ്.

1957 മെയ് 30-നാണ് കേരള വിദ്യാർത്ഥി യൂണിയൻ ഔദ്യോഗികമായി രൂപംകൊള്ളുന്നത്. കേരളം രൂപീകൃതമായി അധികകാലം പിന്നിടാത്ത സാഹചര്യത്തിലായിരുന്നു ഈ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ജനനം. അന്ന് വിദ്യാർത്ഥികൾക്ക് മാത്രമായി പ്രവർത്തിക്കുന്ന മറ്റ് രാഷ്ട്രീയ സംഘടനകൾ സംസ്ഥാനത്ത് സജീവമല്ലായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിലെ ആദ്യ സംഘടിത വിദ്യാർത്ഥി പ്രസ്ഥാനമെന്ന വിശേഷണവും കെഎസ്‌യുവിനാണ് ലഭിച്ചത്. വിപ്ലവ രാഷ്ട്രീയത്തിന്റെ മണ്ണായ ആലപ്പുഴയിൽ നിന്നാണ് ഈ സംഘടനയുടെ തുടക്കം.

സംഘടനയുടെ രൂപീകരണത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാന നേതാക്കൾ എം.എ. ജോൺ, വയലാർ രവി, ജോർജ് തരകൻ എന്നിവരായിരുന്നു. പിന്നീട് കേരള രാഷ്ട്രീയത്തെ ദീർഘകാലം സ്വാധീനിച്ച നിരവധി നേതാക്കൾ ഈ സംഘടനയുടെ ഭാഗമായി മാറി. എന്നാൽ തുടക്കകാലത്ത് തന്നെ സംഘടനയ്ക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടിവന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ പലരും വിദ്യാർത്ഥി സംഘടന രൂപീകരിക്കുന്നതിനെ അനുകൂലിച്ചിരുന്നില്ല. വിദ്യാർത്ഥി രാഷ്ട്രീയത്തിന് സ്വതന്ത്രമായ ഒരു വേദി സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത അവർ തിരിച്ചറിഞ്ഞിരുന്നില്ല. ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്ന സി.എം. സ്റ്റീഫൻ മാത്രമാണ് അന്ന് സംഘടനയ്ക്ക് തുറന്ന പിന്തുണ നൽകിയത്.

മുതിർന്ന നേതാക്കളുടെ എതിർപ്പുകൾക്കിടയിലും എറണാകുളം ലോ കോളേജിലെയും ആലപ്പുഴ എസ്.ഡി. കോളേജിലെയും വിദ്യാർത്ഥി നേതാക്കൾ സംഘടന രൂപീകരണവുമായി മുന്നോട്ടുപോയി. ആദ്യ സംസ്ഥാന കമ്മിറ്റിയിൽ ജോർജ് തരകൻ പ്രസിഡന്റും വയലാർ രവി ജനറൽ സെക്രട്ടറിയുമായി. എ.എ. സമദ് ഖജാൻജിയായിരുന്നു. പിന്നീട് കേരള രാഷ്ട്രീയത്തിലെ പ്രമുഖരായ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, വി.എം. സുധീരൻ, എം.എം. ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജി. കാർത്തികേയൻ, ബെന്നി ബെഹന്നാൻ, ചെറിയാൻ ഫിലിപ്പ്, രമേശ് ചെന്നിത്തല, പി.ടി. തോമസ്, കെ.സി. വേണുഗോപാൽ, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ തുടങ്ങി നിരവധി നേതാക്കൾ സംഘടനയെ നയിച്ചു. കെഎസ്‌യു എന്ന പ്രസ്ഥാനം രാഷ്ട്രീയ നേതൃത്വത്തിന്റെ ഒരു വലിയ പരിശീലന കേന്ദ്രമായി മാറിയതിന്റെ തെളിവായിരുന്നു ഈ നേതൃനിര.

രൂപീകരണത്തിന് പിന്നാലെ തന്നെ കെഎസ്‌യു വിദ്യാർത്ഥി പ്രശ്നങ്ങളിൽ ഇടപെടാൻ തുടങ്ങി. ചെറിയ പ്രതിഷേധങ്ങളിൽ നിന്ന് വലിയ ജനകീയ സമരങ്ങളിലേക്ക് സംഘടനയുടെ പ്രവർത്തനം വ്യാപിച്ചു. എന്നാൽ സംഘടനയുടെ ചരിത്രത്തെ നിർണായകമായി മാറ്റിമറിച്ച സമരം 1958-ലെ “ഒരണ സമരം” ആയിരുന്നു. ഇന്നും കെഎസ്‌യുവിന്റെ സമര പാരമ്പര്യം പറയുമ്പോൾ ആദ്യം ഓർക്കപ്പെടുന്ന അധ്യായം അതാണ്.ഇ.എം.എസ്. നമ്പൂതിരിപ്പാട് സർക്കാരിന്റെ കാലത്ത് ആലപ്പുഴ ജലഗതാഗത മേഖല ദേശസാത്കരിച്ചതിനെ തുടർന്ന് ബോട്ടുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ നിരക്ക് രണ്ടണയായി വർധിപ്പിച്ചു. സാധാരണ വിദ്യാർത്ഥികൾക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയായി. ഇതിനെതിരെ കെഎസ്‌യു ശക്തമായ പ്രതിഷേധം ആരംഭിച്ചു. 1958 ജൂലൈ 12-ന് ആലപ്പുഴയിലെ നെടുമുടിയിൽ നദിക്ക് കുറുകെ വടംവലിച്ച് കെട്ടി ജലഗതാഗതം തടഞ്ഞുകൊണ്ടായിരുന്നു സമരത്തിന്റെ ഉദ്ഘാടനം.

സമരത്തിന്റെ ആദ്യദിവസം തന്നെ ഇരുപതോളം വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. അതോടെ സമരം കൂടുതൽ ശക്തമായി. വിദ്യാർത്ഥികളോട് നിയമലംഘനത്തിന് സംഘടന ആഹ്വാനം ചെയ്തു. ആലപ്പുഴയിലും കുട്ടനാട്ടിലുമായി സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധം അവസാനിച്ചില്ല. നിയമലംഘനത്തിൽ പങ്കെടുത്ത 134 വിദ്യാർത്ഥികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് സമരം സംസ്ഥാനവ്യാപകമായി വളർന്നു. ഇരുപതിനായിരത്തിലധികം വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി തെരുവിലിറങ്ങി. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയും സമരത്തെ നേരിടാൻ രംഗത്തിറങ്ങിയതോടെ സാഹചര്യം കൂടുതൽ സംഘർഷഭരിതമായി. ഒടുവിൽ സർക്കാരിന് പിൻമാറേണ്ടിവന്നു. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ഒരാണയായി കുറയ്ക്കാൻ സർക്കാർ നിർബന്ധിതമായി. വിദ്യാർത്ഥി ശക്തിയുടെ മുന്നിൽ ഭരണകൂടം വഴങ്ങേണ്ടിവന്ന ചരിത്രനിമിഷമായിരുന്നു അത്.

സമരങ്ങൾ മാത്രമല്ല, രാഷ്ട്രീയ-സാമൂഹിക ചിന്തകളെ സ്വാധീനിച്ച മുദ്രാവാക്യങ്ങളും കെഎസ്‌യുവിന്റെ സംഭാവനകളായിരുന്നു. മത-ജാതി വേർതിരിവുകൾക്കെതിരെ ഉയർന്ന “ഞങ്ങളിലില്ലാ ഹൈന്ദവ രക്തം, ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം, ഞങ്ങളിലില്ലാ മുസ്ലിം രക്തം, ഞങ്ങളിലുള്ളത് മാനവിക രക്തം” എന്ന മുദ്രാവാക്യം വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ അതിരുകൾ കടന്ന് കേരളത്തിന്റെ പൊതുസമൂഹത്തിലും ഇടംനേടി. “പാലക്കാട്ടെ പട്ടർമാർക്കും പാലായിലെ പാതിരിമാർക്കും കോഴിക്കോട്ടെ കോയമാർക്കും പണയം വയ്ക്കാനുള്ളതല്ല” എന്ന മറ്റൊരു മുദ്രാവാക്യവും സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇന്ന് പല വിദ്യാർത്ഥി സംഘടനകളും വ്യാപകമായി ഉപയോഗിക്കുന്ന നിരവധി മുദ്രാവാക്യങ്ങളുടെ ഉറവിടം കെഎസ്‌യുവാണെന്നത് ചരിത്രസത്യമാണ്.

ഒരു കാലത്ത് സ്കൂളുകളിൽ നിന്ന് സർവകലാശാലകളിലേക്കുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശക്തമായ സാന്നിധ്യമായിരുന്നു കെഎസ്‌യു. കോളേജ് യൂണിയനുകൾ നിയന്ത്രിക്കുകയും സർവകലാശാല രാഷ്ട്രീയത്തെ സ്വാധീനിക്കുകയും ചെയ്ത സംഘടനയ്ക്ക് വിദ്യാഭ്യാസ വിഷയങ്ങൾക്കപ്പുറമുള്ള സാമൂഹിക പ്രശ്നങ്ങളിലും ഇടപെടാനുള്ള ശേഷിയുണ്ടായിരുന്നു. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി തെരുവിലിറങ്ങുകയും ജനകീയ വിഷയങ്ങളിൽ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്ന സംഘടന കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു.

എന്നാൽ ആ സമരപാരമ്പര്യവും ജനകീയ സ്വാധീനവും ഇന്ന് ഏറെ മങ്ങിപ്പോയതായി സംഘടനയ്ക്കുള്ളിൽ തന്നെ വിലയിരുത്തലുകളുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിലെ ക്യാംപസുകളിൽ കെഎസ്‌യുവിന്റെ സ്വാധീനം ഗണ്യമായി കുറഞ്ഞു. ഒരുകാലത്ത് ശക്തികേന്ദ്രങ്ങളായിരുന്ന പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംഘടനയുടെ സാന്നിധ്യം പോലും ഇല്ലാതായി. ആലപ്പുഴ എസ്.ഡി. കോളേജ് പോലുള്ള ചരിത്രപ്രസിദ്ധമായ കേന്ദ്രങ്ങളിൽ പോലും കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർഥികളെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടായെന്നത് സംഘടനയുടെ തകർച്ചയുടെ സൂചനയായി വിലയിരുത്തപ്പെടുന്നു.കോൺഗ്രസ് പാർട്ടി സംസ്ഥാനതലത്തിൽ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയേക്കാൾ വേഗത്തിൽ വിദ്യാർത്ഥി സംഘടനയുടെ ക്ഷീണം പ്രകടമായതായി നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. മുൻ സംസ്ഥാന പ്രസിഡന്റുമാരായ ചിലർ പാർട്ടി വിട്ടുപോയി. സംഘടനയുടെ ആന്തരിക ഘടനയും പ്രവർത്തനരീതികളും സജീവമല്ലാതായി. കൃത്യമായ ഇടവേളകളിൽ സമ്മേളനങ്ങൾ നടത്തുന്നതിലും പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിലും തുടർച്ചയായ വീഴ്ചകളുണ്ടായി.

സംഘടനയുടെ ചരിത്രം, സമരപാരമ്പര്യം, നേതൃപൈതൃകം എന്നിവ ഇന്നും കെഎസ്‌യുവിന്റെ വലിയ സമ്പത്താണ്. എന്നാൽ ആ പൈതൃകത്തെ പുതിയ തലമുറയുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ കുറവാണെന്ന വിമർശനവും ശക്തമാണ്. സംഘടനയുടെ മുഖപത്രമായിരുന്ന ‘കാലാശാല’യുടെ പ്രസിദ്ധീകരണം പോലും നിലച്ചിരിക്കുകയാണ്. മുൻകാല സമരാനുഭവങ്ങളും സംഘടനാ പാഠങ്ങളും പുതിയ പ്രവർത്തകരിലേക്ക് എത്തിക്കുന്ന സംവിധാനങ്ങൾ ദുർബലമായി.

സമരങ്ങളിലൂടെ ഭരണകൂടങ്ങളെ മുട്ടുമടക്കിച്ച ഒരു വിദ്യാർത്ഥി പ്രസ്ഥാനം, കേരള രാഷ്ട്രീയത്തിന് നിരവധി മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ദേശീയ നേതാക്കളെയും നൽകിയ ഒരു സംഘടന, ഇന്ന് പുനരുജ്ജീവനത്തിന്റെ വഴികൾ തേടുകയാണ്. പുനഃസംഘടനയിലൂടെയും പുതിയ നേതൃത്വത്തിലൂടെയും ക്യാംപസ് രാഷ്ട്രീയത്തിൽ വീണ്ടും സജീവ സാന്നിധ്യമാകാൻ കഴിയുമോ എന്നതാണ് ഇനി കാണാനുള്ളത്. ഒരുകാലത്ത് കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന്റെ ശബ്ദമായിരുന്ന കെഎസ്‌യു, തന്റെ ചരിത്രത്തിന്റെ ഭാരവും ഭാവിയുടെ പ്രതീക്ഷകളും ഒരുപോലെ ചുമന്നാണ് പുതിയ അധ്യായത്തിലേക്ക് കടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *