തൃശ്ശൂർ അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. ഞായറാഴ്ച രാത്രി വെറ്റിലപാറ വഞ്ചിക്കടവ് റോഡിൽ വച്ചാണ് സംഭവം. ഇടയാലത്ത്പറമ്പിൽ മധുവിന്റെ മകന്റെ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ ബന്ധുക്കൾക്ക് നേരെയാണ് അപ്രതീക്ഷിതമായി കാട്ടാന ചിന്നംവിളിച്ച് പാഞ്ഞടുത്തത്. വിവാഹസൽക്കാരത്തിന് ശേഷം രാത്രിയിൽ വീടിന് മുന്നിലെ റോഡിൽ നിന്ന് സംസാരിക്കുകയായിരുന്ന അതിഥികൾക്ക് നേരെയാണ് വന്യജീവി ഭീതി ഉയർത്തിക്കൊണ്ട് ആന ഓടിയെത്തിയത്. പെട്ടെന്നുള്ള ആനയുടെ വരവിൽ പരിഭ്രാന്തരായി ആളുകൾ ചിതറിയോടുകയായിരുന്നു.
എന്നാൽ ഇരുട്ടിൽ ഭയന്നോടുന്നതിനിടയിൽ വീണ് രണ്ടു മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ജനങ്ങളെ ഓടിച്ചതിന് ശേഷം പ്രകോപിതനായ കാട്ടാന, മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന് നാശനഷ്ടങ്ങൾ വരുത്താൻ ശ്രമിക്കുകയും ചെയ്തു. അതിരപ്പിള്ളി മേഖലയിൽ കാട്ടാനശല്യം വീണ്ടും രൂക്ഷമാകുന്നതിൽ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.
