ന്യൂദൽഹി: ഇന്ത്യയിൽ 2011 മുതൽ 2023 വരെയുള്ള 12 വർഷത്തിനിടെ ഏകദേശം 49.6 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി ലോകബാങ്കിന്റെ റിപ്പോർട്ട്. രാജ്യത്തെ അതിദാരിദ്ര്യ നിരക്ക് 27.1 ശതമാനത്തിൽനിന്ന് 2.6 ശതമാനമായി കുറഞ്ഞതായാണ് 2026 ഒക്ടോബറിലെ ദാരിദ്ര്യ-സമത്വ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത് . 2021ലെ പർച്ചേസിങ് പവർ പാരിറ്റി (പിപിപി) അടിസ്ഥാനത്തിൽ പ്രതിദിനം 4.20 ഡോളറിൽ താഴെ വരുമാനമുള്ളവരെ ഉൾപ്പെടുത്തി കണക്കാക്കുന്ന താഴ്ന്ന-ഇടത്തരം വരുമാന രാജ്യങ്ങളുടെ ദാരിദ്ര്യനിരക്കും ഗണ്യമായി കുറഞ്ഞു.
2011ലെ 57.7 ശതമാനത്തിൽനിന്ന് 2023ൽ ഇത് 16.1 ശതമാനത്തിലെത്തി. ഉപഭോഗത്തിലെ വർധന, തൊഴിൽ അവസരങ്ങളുടെ വളർച്ച, പ്രത്യേകിച്ച് സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം, ഭക്ഷ്യസബ്സിഡി ഉൾപ്പെടെയുള്ള സാമൂഹിക ആനുകൂല്യങ്ങളുടെ വ്യാപനം എന്നിവയാണ് ദാരിദ്ര്യം കുറയാൻ പ്രധാന കാരണങ്ങളായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 2017നും 2023നും ഇടയിൽ രാജ്യത്ത് ഏകദേശം 13.4 കോടി തൊഴിലവസരങ്ങൾ വർധിച്ചു. ഇതിൽ വലിയൊരു പങ്ക് ഗ്രാമീണ മേഖലകളിലെ സ്ത്രീകൾ വേതനമുള്ള ജോലികളിലേക്ക് എത്തിയതിലൂടെയായിരുന്നു.
പണത്തിന്റെ അടിസ്ഥാനത്തിലുള്ളതും ജീവിതസാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ ദാരിദ്ര്യ സൂചികകളിൽ ഇന്ത്യ പുരോഗതി കൈവരിച്ചതായും ലോകബാങ്ക് വിലയിരുത്തി.2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 14.6 ശതമാനമായിരുന്ന യുവജന തൊഴിലില്ലായ്മ 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 15.9 ശതമാനമായി ഉയർന്നു. ഗ്രാമീണ യുവതികൾക്കിടയിലാണ് വർധന കൂടുതൽ പ്രകടമായത്. തൊഴിൽ വളർന്നെങ്കിലും യഥാർഥ വേതനത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ലെന്നും കുറഞ്ഞ ഉൽപ്പാദനക്ഷമതയുള്ള മേഖലകളിലാണ് തൊഴിലവസരങ്ങളുടെ വളർച്ച കേന്ദ്രീകരിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
കുടുംബങ്ങളുടെ ഉപഭോഗ സർവേകളെ അടിസ്ഥാനമാക്കിയാണ് ദാരിദ്ര്യ കണക്കുകൾ തയ്യാറാക്കുന്നത്. ക്ഷേമത്തിലുണ്ടായ യഥാർഥ പുരോഗതിക്കൊപ്പം കണക്കെടുപ്പ് രീതികളിലെ മെച്ചപ്പെടുത്തലുകളും ചില നേട്ടങ്ങളെ സ്വാധീനിച്ചിരിക്കാമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നൽകി.
