പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് (73) അന്തരിച്ചു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിന് തൊട്ടുപിന്നാലെ എത്തിയ ഈ വാർത്ത തമിഴ് സിനിമാലോകത്തെ വലിയൊരു ഞെട്ടലിലാണ് ആഴ്ത്തിയിരിക്കുന്നത്.
അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ തമിഴ് സിനിമയുടെ വിസ്മയമായിരുന്ന ഭാഗ്യരാജ്, ഹാസ്യം, പ്രണയം, കുടുംബബന്ധങ്ങൾ എന്നിവയെ സമർത്ഥമായി കോർത്തിണക്കിയാണ് തന്റേതായ ഇടം കണ്ടെത്തിയത്. സാധാരണക്കാരായ മധ്യവർഗ കുടുംബങ്ങളുടെ ദൈനംദിന ജീവിതവും പ്രശ്നങ്ങളും അതിമനോഹരമായ സംഭാഷണങ്ങളിലൂടെയും തിരക്കഥകളിലൂടെയും വെള്ളിത്തിരയിൽ പകർത്തിയ അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി1979-ൽ ‘സുവരില്ലാത ചിത്രങ്ങൾ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി തുടക്കം കുറിച്ച അദ്ദേഹം, പിന്നീട് ‘മൗന ഗീതങ്ങൾ’, ‘അന്ത ഏഴ് നാട്കൾ’, ‘മുന്താണൈ മുടിച്ച്’, ‘ചിന്ന വീട്’, ‘എങ്ക ചിന്ന രാസ’ തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ തമിഴ് സിനിമയ്ക്ക് സമ്മാനിച്ചു. വെള്ളിത്തിരയിൽ നായകനായും മികച്ച പ്രകടനം കാഴ്ചവെച്ച ഭാഗ്യരാജ് മലയാളത്തിൽ ‘മിസ്റ്റർ മരുമകൻ’ എന്ന ചിത്രത്തിലും പ്രധാന വേഷത്തിൽ എത്തിയിരുന്നു.
മലയാളിയായ പ്രശസ്ത നടി പൂർണ്ണിമ ജയറാം ആണ് ഭാര്യ. നടൻ ശന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജും മക്കളാണ്. വൈവിധ്യമാർന്ന പ്രമേയങ്ങളിലൂടെ തമിഴ് സിനിമയെ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച അതുല്യ കലാകാരന്റെ വിയോഗം സിനിമാലോകത്തിന് തീരാനഷ്ടമാണ്.
