എസ്‌ഐടി കോടതിയില്‍ പറഞ്ഞ അഞ്ച് പ്രതികള്‍ സുരക്ഷിതര്‍; പ്രതികളിൽ രണ്ട് പേര്‍ കടകംപള്ളിയും പി.എസ്. പ്രശാന്തുമെന്ന് സൂചന

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലിലായവരെ കൂടാതെ അഞ്ച് പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് ജനുവരി 19ന് എസ്‌ഐടി മേധാവി എഡിജിപി എച്ച്. വെങ്കിടേശ്, അന്വേഷണ ഉദ്യോഗസ്ഥന്‍ ശശിധരന്‍, ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്രൂരിറ്റി ഓഫീസര്‍ എന്നിവര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടും ഈ അഞ്ച് പ്രതികളും ഇപ്പോഴും സുരക്ഷിതര്‍.

എസ്‌ഐടി കോടതിയെ അറിയിച്ച അഞ്ച് പ്രതികളില്‍ രണ്ട് പേര്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളിയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തുമാണെന്നാണ് സൂചന. എന്നാല്‍ കോടതിയെ ധരിപ്പിച്ചതില്‍ ഒരാളെ പോലും 35 ദിവസം കഴിഞ്ഞിട്ടും എസ്‌ഐടി അറസ്റ്റ് ചെയ്യാത്തതില്‍ ദുരൂഹതയേറെ.

കടകംപള്ളിക്ക് കേസില്‍ പങ്കുണ്ടെന്ന കാര്യം വ്യക്തമാക്കുന്ന മൂന്ന് പ്രധാന മൊഴികളാണുള്ളത്. പാളികള്‍ സ്വര്‍ണംപൂശാന്‍ തന്നെ സ്‌പോണ്‍സര്‍ ആക്കണമെന്ന് കാട്ടി ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം മന്ത്രിക്ക് കത്തുനല്‍കിയിരുന്നു എന്ന മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴി, സര്‍ക്കാര്‍ സമ്മര്‍ദത്തിലാണ് പാളികള്‍ കൊടുത്തുവിടാന്‍ നിര്‍ബന്ധിതരായതെന്ന പത്മകുമാറിന്റെ തന്നെ മൊഴി, ഇത് രണ്ടും ശരിവച്ചുകൊണ്ടുള്ള ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴി. എന്നിട്ടും കടകംപള്ളിയെ അറസ്റ്റ് ചെയ്യാന്‍ എസ്‌ഐടി തയാറാകാത്തത്ത് സര്‍ക്കാര്‍ സമ്മര്‍ദം മൂലമാണെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *