ബോക്സ് ഓഫീസ് കീഴടക്കി ‘ഗാട്ട കുസ്തി 2’;

തീയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയും ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടുകയും ചെയ്ത വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. പ്രേക്ഷകരെ ഏറെ രസിപ്പിച്ച ‘ഹൗസ് ഹസ്ബൻഡ്’ എന്ന വീഡിയോ ഗാനമാണ് പുറത്തുവിട്ടത്. മോഹൻ രാജന്റെ വരികൾക്ക് ഷോൺ റോൾഡൻ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് സത്യൻ മഹാലിംഗമാണ്.

ചെല്ല അയ്യാവു സംവിധാനം ചെയ്ത ഈ സ്പോർട്സ് ഫാമിലി ഡ്രാമ ചിത്രം വിഷ്ണു വിശാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിക്കഴിഞ്ഞു. കേരളത്തിൽ വമ്പൻ റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തിച്ചത് പ്രമുഖ വിതരണക്കാരായ E4 എന്റർടെയ്ൻമെന്റ്സ് ആണ്. വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷും വിഷ്ണു വിശാൽ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ വിഷ്ണു വിശാലിന്റെ കഥാപാത്രത്തിന്റെ അവസ്ഥയെ ഏറെ സരസമായും ഹാസ്യാത്മകമായും അവതരിപ്പിക്കുന്ന ഗാനമാണ് ഹൗസ് ഹസ്ബൻഡ്. ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന ഗുസ്തിതാരമായ നായികയും വിഷ്ണു വിശാലിന്റെ കഥാപാത്രവും തമ്മിലുള്ള ഈഗോയും, അവരുടെ കുടുംബജീവിതത്തിൽ സംഭവിക്കുന്ന കൗതുകകരവും നാടകീയവുമായ കാര്യങ്ങളുമാണ് ഈ ഗാനരംഗത്തിലുള്ളത്.ഒരു പക്കാ ഫാമിലി എന്റർടെയ്നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗുസ്തി രംഗങ്ങൾ, തകർപ്പൻ ആക്ഷൻ, ഫാമിലി കോമഡി, വൈകാരിക നിമിഷങ്ങൾ എന്നിവയെല്ലാം കൃത്യമായ അളവിൽ കോർത്തിണക്കിയതാണ് ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ. തമിഴ്‌നാടിന് പുറമെ കേരളത്തിലും ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. രമ്യ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *