സാധാരണക്കാരന്റെ അടുക്കളയിലും തീ! വാണിജ്യ സിലിണ്ടറിന് പിന്നാലെ ‘ഛോട്ടു’വിനും വില കൂട്ടി;

രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിച്ചതിന് പിന്നാലെ 5 കിലോയുടെ ഛോട്ടുഗ്യാസ്‌ സിലിണ്ടറുകളുടെ വിലയും കൂട്ടി. കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെയാണ് വാണിജ്യ എൽപിജി സിലിണ്ടറിന്റെ ഉൾപ്പെടെ വില കുത്തനെ കൂട്ടിയത്. 19 കിലോ വരുന്ന എൽപിജിക്ക് 993 രൂപയും ഛോട്ടുഗ്യാസിന് 261 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. കുറഞ്ഞ വരുമാനക്കാർക്കും അതിഥി തൊഴിലാളികൾക്കും എളുപ്പത്തിൽ ലഭ്യമാകുന്ന അഞ്ചു കിലോ സിലിണ്ടര്‍ വില വര്‍ധനവ് സാധാരണക്കാരന്‍റെ ജീവിതത്തെ സാരമായി ബാധിക്കും. നിരവധി പേർ ഉപയോ​ഗിക്കുന്ന ഛോട്ടുഗ്യാസ്‌ സിലിണ്ടറിന് നേരത്തെ ക്ഷാമം നേരിട്ടിരുന്നു. ഇപ്പോൾ വില വർധനവ് കൂടിയായതോടെ പ്രതിസന്ധി രൂക്ഷമാകും. വലിയ സിലിണ്ടറുകളുടെ വിതരണത്തിൽ പ്രാദേശികമായി എന്തെങ്കിലും തടസമുണ്ടായാൽ ബദൽ സംവിധാനമായി ഛോട്ടുഗ്യാസിനയാണ് പലരും ആശ്രയിച്ചിരുന്നത്. വില വര്‍ധനയോടെ ഹോട്ടലുകളും റസ്റ്റോറന്‍റുകളിലും ഉപയോഗിക്കുന്ന 19 കിലോ വരുന്ന എൽപിജി സിലിണ്ടര്‍ വില 3000 രൂപയായി ഉയര്‍ന്നു. പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ ഒരു 19 കിലോ സിലിണ്ടറിന് ഇനി 3,071.5 രൂപയാകും വില. കൊച്ചിയിൽ 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117.5 രൂപയുമാണ് വില. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്ത സൈനിക നീക്കം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടർ വില കൂട്ടിയത്. മാർച്ച് ആദ്യം ഏകദേശം 115 രൂപയും ഏപ്രിൽ ഒന്നിന് 200 രൂപയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് 1000 രൂപയ്ക്കടുത്ത് ഒറ്റയടിക്ക് കൂട്ടിയത്. വാണിജ്യ എൽപിജി സിലിണ്ടർ വില വർദ്ധനവ് ഹോട്ടൽ വ്യവസായത്തെ ​ ഗുരുതരമായി ബാധിക്കും. എൽപിജി വിതരണത്തിലെ നിയന്ത്രണം മൂലം സംസ്ഥാനത്തെ ഒട്ടേറെ ഹോട്ടലുകൾ അടച്ചിട്ടിരുന്നു. ഇതിനിടെയാണ് ഗ്യാസ് വിലക്കയറ്റം.അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക നിരക്കിൽ മാറ്റമില്ല. ഗാർഹികാവശ്യത്തിനുള്ള എൽപിജി വിതരണം തടസ്സമില്ലാതെ പുരോഗമിക്കുന്നുവെന്ന്‌ കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴും വിതരണകേന്ദ്രങ്ങൾക്ക്‌ മുന്നിൽ സിലിണ്ടറിനായുള്ള ജനങ്ങളുടെ കാത്തിരിപ്പ്‌ തുടരുകയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *