ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും..

വിയറ്റ്‌നാം പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ടോ ലാമിന്റെ ആദ്യ പ്രധാന വിദേശ സന്ദര്‍ശനം ഭാരതത്തിലേക്ക്. മെയ് 5 മുതല്‍ 7 വരെയുള്ള സന്ദര്‍ശനത്തില്‍, ഭാരതവും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ വാങ്ങാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചേക്കും..ഏകദേശം 5,800 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ കരാര്‍ വിയറ്റ്‌നാമിന്റെ സമീപകാലത്തെ ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളില്‍ ഒന്നായിരിക്കും. സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തീരദേശ പ്രതിരോധത്തിനായുള്ള ബ്രഹ്‌മോസ് മിസൈല്‍ ബാറ്ററികള്‍, പരിശീലനം, സാങ്കേതിക സഹായം എന്നിവ ഈ പാക്കേജില്‍ ഉള്‍പ്പെടുന്നു. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഫിലിപ്പീന്‍സിനും തായ്ലന്‍ഡിനും ശേഷം ബ്രഹ്‌മോസ് സ്വന്തമാക്കുന്ന മൂന്നാമത്തെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായി വിയറ്റ്‌നാം മാറും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം എത്തുന്ന ടോ ലാം, മെയ് 6ന് രാഷ്‌ട്രപതി ഭവനില്‍ നടക്കുന്ന ഔദ്യോഗിക സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രധാനമന്ത്രിയുമായി പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കൂടിയായ അദ്ദേഹത്തോടൊപ്പം മന്ത്രിമാരും പ്രമുഖ ബിസിനസ് പ്രതിനിധികളും എത്തുന്നുണ്ട്.ന്യൂദല്‍ഹിയിലെ ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം അദ്ദേഹം ബോധ് ഗയ, മുംബൈ എന്നിവിടങ്ങളും സന്ദര്‍ശിക്കും. തെക്കന്‍ ചൈനാ കടലില്‍ ചൈനയുടെ സ്വാധീനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഭാരതവും വിയറ്റ്‌നാമും തമ്മിലുള്ള ഈ പ്രതിരോധ സഹകരണം ഏഷ്യന്‍ മേഖലയില്‍ തന്ത്രപരമായ വലിയ പ്രാധാന്യമര്‍ഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *