ചുവപ്പുകോട്ടയിൽ ‘വാര്യർ’ ജയം!

16-ാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ കേരളം കാണുന്നത് യു.ഡി.എഫിന്റെ ഉജ്ജ്വലമായ തിരിച്ചുവരവാണ്. 140-ൽ 102 സീറ്റുകൾ നേടി, പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐക്യജനാധിപത്യ മുന്നണി ഭരണം തിരിച്ചുപിടിച്ചിരിക്കുന്നു. യു.ഡി.എഫിന്റെ പ്രമുഖ മുഖങ്ങൾ പലയിടത്തായി മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ കാഴ്ച നാം കണ്ടു. എന്നാൽ ഈ വിജയങ്ങൾക്കിടയിൽ നമ്മൾ ഒന്ന് ‘സൂം’ ചെയ്ത് നോക്കേണ്ട ഒരു മുഖമുണ്ട്, അതാണ് സന്ദീപ് വാര്യർ.
​എന്തുകൊണ്ടാണ് ഈ വിജയങ്ങൾക്കിടയിൽ സന്ദീപ് വാര്യരെ മാത്രം നമ്മൾ ഇത്രയധികം ചർച്ച ചെയ്യുന്നത്? അതിന് കാരണം കേവലം ഒരു ജയമല്ല, മറിച്ച് അദ്ദേഹം തകർത്തെറിഞ്ഞ ചില രാഷ്ട്രീയ മിത്തുകളും ചരിത്രവുമാണ്.

​കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ കുറച്ചു കാലമായി നാം കേട്ടുകൊണ്ടിരിക്കുന്നത് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് നേതാക്കൾ കൂടുമാറുന്നു എന്ന വാർത്തകളാണ്. എന്നാൽ ഈ ട്രെൻഡിനെ അടിമുടി മാറ്റിക്കുറിച്ചുകൊണ്ട്, ബിജെപിയുടെ ചാണക്യതന്ത്രങ്ങളെ അപ്രസക്തമാക്കി ഒരാൾ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. വിദ്വേഷത്തിന്റെ ഫാക്ടറിയിൽ നിന്ന് സ്നേഹത്തിന്റെ കടയിലേക്ക് (മൊഹബത്ത് കി ദുകാൻ) നടന്നുകയറിയ ഈ വാര്യർ, ബിജെപിക്ക് നൽകിയത് കനത്ത പ്രഹരമാണ്.
​വെറുമൊരു സീറ്റിലല്ല സന്ദീപ് വാര്യർ അട്ടിമറി നടത്തിയത്. എൽ.ഡി.എഫിന്റെ ഉരുക്കുകോട്ടയായ തൃക്കരിപ്പൂർ! കൈയ്യൂർ സമരഭൂമിയും ചീമേനിയും ഉൾപ്പെടുന്ന, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആഴത്തിൽ വേരോട്ടമുള്ള മണ്ണിൽ 1984 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയക്കൊടി പാറിച്ചു. മുൻ മുഖ്യമന്ത്രിമാർ വരെ ജയിച്ചു വന്ന, രൂപീകരണം മുതൽ ഇന്നുവരെ ഇടതുപക്ഷം മാത്രം വിജയിച്ച മണ്ഡലത്തിൽ ഈ വിജയം കുറിച്ചത് ഒരൊന്നന്നര രാഷ്ട്രീയ അട്ടിമറിയാണ്.

​എന്തുകൊണ്ട് സന്ദീപ് വാര്യർ bjp വിട്ടു കോൺഗ്രസ് തിരഞ്ഞെടുത്തു?
​ബിജെപിയുടെ പ്രധാന വക്താവായിരുന്ന അദ്ദേഹം ആ പാർട്ടി വിടാനുണ്ടായ കാരണങ്ങൾ ഓരോ ജനാധിപത്യ വിശ്വാസിയും ചിന്തിക്കേണ്ടതാണ്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ:
എല്ലാക്കാലത്തും ഒരാൾക്ക് ഒരേ അഭിപ്രായം ഉണ്ടായിരിക്കണം എന്നില്ല. മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ തിരിച്ചറിവുകൾ ഉണ്ടാകുമെന്നും അത് ഉൾക്കൊള്ളാൻ കഴിയാത്തവർ അടിമകളാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.
ബിജെപി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം വിദ്വേഷത്തിന്റേതാണെന്നും കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന എല്ലാവരെയും ഉൾക്കൊള്ളുന്ന ബഹുസ്വരതയാണ് ഇന്ത്യയുടെ കരുത്തെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.
കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യമായ അഡ്ജസ്റ്റ്‌മെന്റ് ഉണ്ടെന്നും കേന്ദ്ര ബിജെപി നേതൃത്വം കേരള ഘടകത്തിന് നിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുതുകയും ചെയ്തു.
ശബരിമല വിഷയത്തിൽ വിശ്വാസികളെ ബിജെപി വഞ്ചിച്ചുവെന്നും ആത്മാർത്ഥമായി കൂടെ നിന്നത് കോൺഗ്രസാണെന്നും അദ്ദേഹം തുറന്നടിച്ചു.
പ്രക്ഷോഭങ്ങളിൽ പങ്കെടുത്തപ്പോൾ താൻ ഒറ്റപ്പെട്ടുവെന്നും, സുബൈർ വധക്കേസിന് ശേഷം തനിക്ക് വധഭീഷണി ഉണ്ടായിരുന്നിട്ടും ബിജെപി തന്നെ അറിയിക്കുകയോ സംരക്ഷിക്കുകയോ ചെയ്തില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാൽ കോൺഗ്രസിൽ തനിക്ക് ലഭിച്ചത് വലിയ സ്നേഹവും സുരക്ഷയുമാണെന്ന് അദ്ദേഹം സ്മരിക്കുന്നു.
സന്ദീപ് വാര്യരുടെ ഈ വിജയം കേവലം ഒരു വ്യക്തിയുടെ വിജയമല്ല, മറിച്ച് കേരളം ആഗ്രഹിക്കുന്ന മതേതരത്വത്തിന്റെ വിജയമാണ്. ബിജെപിയുടെ തടവറയിൽ നിന്ന് പുറത്തുവന്ന്, ജനാധിപത്യത്തിന്റെ വിശാലമായ ആകാശത്ത് ചിറകുവിരിക്കാൻ അദ്ദേഹം കാണിച്ച ആർജ്ജവം അഭിനന്ദനാർഹമാണ്.
​”വർഗീയതയുടെ ഇരുട്ടറകളിൽ നിന്ന് മതേതരത്വത്തിന്റെ വെളിച്ചത്തിലേക്ക് വരികയും, ആദ്യ അങ്കത്തിൽ തന്നെ ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ട തകർക്കുകയും ചെയ്ത സന്ദീപ് വാര്യർക്ക് ബിഗ് സല്യൂട്ട്! ഒരു മികച്ച ജനപ്രതിനിധിയായി മാറാൻ താങ്കൾക്ക് സാധിക്കട്ടെ. കേരളത്തിന്റെ ബഹുസ്വരത കാത്തുസൂക്ഷിക്കാൻ താങ്കളുടെ സാന്നിധ്യം യു.ഡി.എഫിന് കൂടുതൽ കരുത്തേകട്ടെ എന്ന് ആശംസിക്കുന്നു. ബിജെപിയുടെ വഞ്ചനാപരമായ രാഷ്ട്രീയത്തിന് ലഭിച്ച ഈ മറുപടി കേരളം എക്കാലവും ഓർക്കും.”

Leave a Reply

Your email address will not be published. Required fields are marked *