യുഎഇയുടെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ ഫുജൈറയിൽ നടന്ന ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റ സാഹചര്യത്തിൽ, ശത്രുത ഉടൻ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ചൊവ്വാഴ്ച ആവശ്യപ്പെട്ടു. സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെച്ചുള്ള ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകൾ അനിവാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിനെ ഒഴിവാക്കി എണ്ണ കയറ്റുമതി ചെയ്യാൻ യുഎഇയെ സഹായിക്കുന്ന പ്രധാന ഊർജ്ജ കേന്ദ്രമാണ് ഫുജൈറ. ഇവിടം ലക്ഷ്യമാക്കി നടന്ന ആക്രമണം രാജ്യാന്തര എണ്ണ വിപണിയെയും ബാധിക്കുന്നതാണ്. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് ഹോർമുസ് കടലിടുക്കിലൂടെയുള്ള തടസ്സമില്ലാത്ത വാണിജ്യവും നാവിഗേഷനും ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പരിക്കേറ്റ ഇന്ത്യക്കാർക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കാൻ അബുദാബിയിലെ ഇന്ത്യൻ എംബസി പ്രാദേശിക അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്.
യുഎഇക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ ഭാഗമായിരുന്നു ഫുജൈറയിലെ സ്ഫോടനങ്ങൾ. തിങ്കളാഴ്ച ഇറാൻ വിക്ഷേപിച്ച 12 ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ക്രൂയിസ് മിസൈലുകളും നാല് ഡ്രോണുകളും തങ്ങൾ പ്രതിരോധിച്ചതായി യുഎഇ അറിയിച്ചു. ഏപ്രിൽ 8-ലെ വെടിനിർത്തൽ കരാറിന് ശേഷം ഒരു മാസത്തോളം നിലനിന്ന സമാധാന അന്തരീക്ഷമാണ് ഈ ആക്രമണത്തോടെ തകർന്നിരിക്കുന്നത്. 35 ലക്ഷത്തോളം ഇന്ത്യക്കാർ വസിക്കുന്ന യുഎഇയിലെ സുരക്ഷാ സാഹചര്യം ഇന്ത്യ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
