വാഹനവ്യൂഹം ഒഴിവാക്കി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ

മുഖ്യമന്ത്രിയുടെ യാത്രകൾക്കായി ഉപയോഗിക്കുന്ന വലിയ വാഹനവ്യൂഹം ഇനി വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ യാത്രകൾ മൂലം ജനങ്ങൾക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്ന കർശന നിലപാടിനെത്തുടർന്നാണ് ഈ തീരുമാനം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ഇനി പൈലറ്റ്, എസ്കോട്ട് വാഹനങ്ങൾ മാത്രമായിരിക്കും അകമ്പടി സേവിക്കുക.

സാധാരണക്കാരനെപ്പോലെ തനിക്ക് മുൻപ് സഞ്ചരിച്ചിരുന്ന രീതിയിൽ തന്നെ യാത്ര ചെയ്താൽ മതിയെന്നും അധിക സുരക്ഷാ വാഹനങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പോലീസിനെ അറിയിച്ചിരുന്നു. എന്നാൽ സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ കാര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങളിൽ പൂർണ്ണമായ വിട്ടുവീഴ്ച സാധ്യമല്ലെന്ന് പോലീസ് വ്യക്തമാക്കി. പൈലറ്റ് വാഹനത്തിന് പുറമെ കുറഞ്ഞത് ഒരു എസ്കോട്ട് വാഹനം കൂടി സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വേണമെന്ന പോലീസിന്റെ നിർദ്ദേശം അദ്ദേഹം അംഗീകരിക്കുകയായിരുന്നു.മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ വി.ഡി. സതീശൻ നടത്തിയ യാത്രകളിൽ പോലീസ് വലിയ തോതിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ഇത് പലയിടങ്ങളിലും ഗതാഗത തടസ്സത്തിനും പൊതുജനങ്ങൾക്ക് വലിയ പ്രയാസങ്ങൾക്കും കാരണമാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിയുക്ത മുഖ്യമന്ത്രി ഇടപെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ആഡംബരങ്ങളും അനാവശ്യ സുരക്ഷാ സന്നാഹങ്ങളും ഒഴിവാക്കി ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാനാണ് അദ്ദേഹം താല്പര്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *