ചെന്നൈ വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു;

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന എത്തിഹാദ് എയർവേസ് വിമാനത്തിന് തീപിടിച്ചു. ചൊവ്വാഴ്ച പുലർച്ചെ വിമാനം റൺവേയിലേക്ക് നീങ്ങുന്നതിന് തൊട്ടുമുൻപാണ് അപകടമുണ്ടായത്. വിമാനത്തിന്റെ ചിറകിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട പൈലറ്റുമാർ ഉടൻ തന്നെ യാത്ര റദ്ദാക്കിയതിനാൽ 280-ഓളം യാത്രക്കാർ വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

വിമാനത്തിന്റെ ഇടതുവശത്തെ ചിറകിലാണ് തീയും പുകയും ഉയർന്നത്. വിമാനം ടേക്ക് ഓഫിന് തൊട്ടുമുൻപുള്ള പരിശോധനകൾ പൂർത്തിയാക്കുന്നതിനിടെ പൈലറ്റുമാരുടെ ശ്രദ്ധയിൽ തീപിടിത്തം പെടുകയായിരുന്നു. ഉടൻ തന്നെ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും എൻജിനുകൾ ഓഫാക്കി യാത്ര തടയുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ തന്നെ വിമാനത്താവളത്തിലെ അടിയന്തര പ്രതികരണ വിഭാഗവും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു.വിമാനത്തിലുണ്ടായിരുന്ന 280 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി ടർമിനലിലേക്ക് മാറ്റി. ആർക്കും പരിക്കുകളോ മറ്റ് ശാരീരിക അസ്വസ്ഥതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെത്തുടർന്ന് അബുദാബിയിലേക്കുള്ള ഈ സർവീസ് റദ്ദാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് പകരം സംവിധാനങ്ങൾ ഒരുക്കാനുള്ള നടപടികൾ എത്തിഹാദ് എയർവേസ് സ്വീകരിച്ചിട്ടുണ്ട്.

വിമാനത്തിന്റെ ചിറകിൽ തീപിടിക്കാനുണ്ടായ കൃത്യമായ സാങ്കേതിക കാരണം വ്യക്തമല്ല. എൻജിനിലെ തകരാറാണോ അതോ ഇന്ധന ചോർച്ചയാണോ അപകടത്തിന് പിന്നിലെന്ന് കണ്ടെത്താൻ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ മറ്റ് വിമാന സർവീസുകളെയും ഈ സംഭവം കാര്യമായി ബാധിച്ചില്ലെന്ന് അധികൃതർ വ്യക്തമാക്കി. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലാണ് വലിയൊരു വിമാന അപകടം ഒഴിവാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *