മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ വീണ്ടും ക്രമക്കേടുകൾ കണ്ടെത്തിയത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നിൽ വൻ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന അന്തർസംസ്ഥാന സംഘമാണെന്ന് രാജസ്ഥാൻ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി.) കണ്ടെത്തി. മഹാരാഷ്ട്രയിലെ നാസിക്കിൽ അച്ചടിച്ച ചോദ്യപ്പേപ്പറുകൾ രാജസ്ഥാനിലെ സിക്കാറിലേക്കും അവിടെ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പ്രചരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ളവ എന്ന പേരിൽ 410 ചോദ്യങ്ങളടങ്ങിയ മാതൃകാ ചോദ്യപ്പേപ്പറാണ് പ്രതികൾ ഉദ്യോഗാർത്ഥികൾക്ക് കൈമാറിയത്. കേരളത്തിൽ പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിയാണ് പരീക്ഷയ്ക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഈ ചോദ്യങ്ങൾ ആദ്യമായി പുറത്തുവിട്ടതെന്നാണ് വിവരം. സിക്കാറിൽ അഡ്മിഷൻ കൗൺസലിങ് ഏജൻസി നടത്തുന്ന രാകേഷ് കുമാർ എന്നയാൾ വഴി അഞ്ചുലക്ഷം രൂപ വരെ ഈടാക്കിയാണ് ഇത് വിദ്യാർത്ഥികൾക്ക് വിറ്റത്. ഏതെങ്കിലും പ്രിന്റിങ് പ്രസ്സിൽ നിന്നോ മറ്റോ ലഭിച്ച വിവരങ്ങൾ വെച്ച് തയ്യാറാക്കിയ ഈ ചോദ്യപ്പേപ്പർ പരീക്ഷയ്ക്ക് രണ്ടാഴ്ച മുൻപ് തന്നെ പലരുടെയും കൈകളിൽ എത്തിയിരുന്നു.ഡൽഹി, ബിഹാർ, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലെ ചില കേന്ദ്രങ്ങളിലേക്കും ഈ ചോദ്യങ്ങൾ എത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. 30,000 രൂപ മുതൽ ലക്ഷങ്ങൾ വരെയാണ് പലരിൽ നിന്നും ഈ സംഘം കൈപ്പറ്റിയത്. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് രാജസ്ഥാൻ പോലീസ് കേരളത്തിലടക്കം വിശദമായ അന്വേഷണം നടത്തിവരികയാണ്. വിദ്യാഭ്യാസ മന്ത്രാലയത്തെ പ്രതിക്കൂട്ടിലാക്കുന്ന ഈ ക്രമക്കേടുകൾക്കെതിരെ സുപ്രീം കോടതിയുടെ ഇടപെടലുകൾ നിലനിൽക്കെയാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
