യുഎഇ സന്ദർശിക്കാൻ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആകാശത്ത് വച്ച് തന്നെ വരവേൽപ്പ് ഒരുക്കി യുഎഇ. രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ പ്രവേശിച്ച നരേന്ദ്ര മോദിയുടെ വിമാനത്തിന് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (യുഎഇ) എഫ് 16 ജെറ്റുകൾ അകമ്പടി സേവിച്ചു..
മോദി യാത്ര ചെയ്ത വിമാനത്തിനൊപ്പം യുഎഇയുടെ എഫ് 16 ജെറ്റുകളും പറക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. യുഎഇയിൽ ഇറങ്ങിയ അദ്ദേഹത്തെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ സ്വീകരിച്ചു..
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ, യുഎഇയുമായുള്ള ഊർജ്ജ സഹകരണത്തെക്കുറിച്ച് മോദി സംസാരിക്കുകയും, രാജ്യത്തിന് നന്ദി അറിയിക്കുകയും ചെയ്തു. “ഇന്ത്യക്കാർക്ക് യുഎഇ നൽകുന്ന സഹായത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്. എല്ലാ മേഖലകളിലും ഞങ്ങൾ ഒരുമിച്ച് മുന്നോട്ട്പോകും. സമാധാനം, സ്ഥിരത, സഹകരണം എന്നിവയ്ക്കായി ഇന്ത്യ പ്രവർത്തിക്കാൻ തയ്യാറാണ്” എന്നും അദ്ദേഹം പറഞ്ഞു.
യുഎഇക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നുവെന്നും രാജ്യത്തോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും മോദി വ്യക്തമാക്കി. യുഎഇക്ക് സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പ് നൽകി. ഇന്ത്യയും യുഎഇയും തമ്മിൽ ‘സ്ട്രാറ്റജിക് ഡിഫൻസ് പാർട്ണർഷിപ്പ്’ കരാർ ആരംഭിക്കുന്നുണ്ട്.
ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും. തന്ത്രപരമായ പെട്രോളിയം കരുതൽ ശേഖരം, എൽപിജി വിതരണം എന്നിവയെക്കുറിച്ചും ഇരു രാജ്യങ്ങളും സമവായത്തിലെത്തി. കൂടാതെ, ഗുജറാത്തിലെ വാഡിനാറിൽ ‘ഷിപ്പ് റിപ്പയർ ക്ലസ്റ്റർ’സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിലും (എംഒയു) ഒപ്പുവച്ചു. ഇത് കൂടാതെ 5 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപങ്ങളും യുഎഇ പ്രഖ്യാപിച്ചു.
