ദേശീയ തലസ്ഥാന മേഖലയിലെ വായു മലിനീകരണം തടയുന്നതിനായി ഇന്ധന വിതരണത്തിലും വാഹന രജിസ്ട്രേഷനിലും കടുത്ത നിയന്ത്രണങ്ങളുമായി കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. എയർ ക്വാളിറ്റി മാനേജ്മെന്റ് ആക്ടിന്റെ സെക്ഷൻ 12 പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ചാണ് കമ്മീഷൻ പുതിയ ഉത്തരവിറക്കിയത്. ഇതനുസരിച്ച് എൻസിആർ പരിധിയിൽ ഇനി എൽ 5 വിഭാഗത്തിൽപ്പെട്ട ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾക്ക് മാത്രമേ രജിസ്ട്രേഷൻ അനുവദിക്കുകയുള്ളൂ. വായു ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി.
പുതിയ ഉത്തരവ് പ്രകാരം ഡൽഹിയിൽ 2027 ജനുവരി 1 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. തുടർന്ന് വാഹന സാന്ദ്രത കൂടിയ ജില്ലകളായ ഗുരുഗ്രാം, ഫരീദാബാദ്, സോണിപത്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗർ എന്നിവിടങ്ങളിൽ 2028 ജനുവരി 1 മുതലും, എൻസിആറിലെ ശേഷിക്കുന്ന മറ്റ് ജില്ലകളിൽ 2029 ജനുവരി 1 മുതലും നിയമം നിർബന്ധമാക്കും. അതേസമയം, വായു ഗുണനിലവാര സൂചികയിൽ പ്രകടമായ പുരോഗതി രേഖപ്പെടുത്തിയതിനെ തുടർന്ന് ഡൽഹി-എൻസിആറിലെ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ സ്റ്റേജ്-I പ്രകാരമുള്ള നിയന്ത്രണങ്ങൾ കമ്മീഷൻ കഴിഞ്ഞ ആഴ്ച റദ്ദാക്കിയിരുന്നു. വരും ദിവസങ്ങളിലും വായുനിലവാരം തൃപ്തികരമായി തുടരുമെന്നാണ് ഐഎംഡി, ഐഐടിഎം പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെയും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 2026 ഒക്ടോബർ 1 മുതൽ സാധുവായ പിയുസിസി ഇല്ലാത്ത വാഹനങ്ങൾക്ക് എൻസിആറിലെ ഇന്ധന സ്റ്റേഷനുകളിൽ നിന്ന് ഇന്ധനം നൽകാൻ പാടില്ല. ഒട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകളും സാങ്കേതികവിദ്യയും ഉപയോഗിച്ചാകും ഇത്തരം വാഹനങ്ങളെ കണ്ടെത്തുക. ഇതിനായി സാങ്കേതിക സംവിധാനങ്ങൾ ഒരുക്കാൻ ഡൽഹി, എൻസിആർ സംസ്ഥാനങ്ങളിലെ അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ മെഡിക്കൽ അടിയന്തരാവസ്ഥ, ക്രമസമാധാന പാലനം, ദുരന്ത പ്രതികരണം തുടങ്ങിയ അസാധാരണ സാഹചര്യങ്ങളിൽ ഈ നിയമത്തിൽ ഇളവുകൾ അനുവദിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.
