തമിഴ്നാട്ടിൽ ലഹരി ഉപയോഗവും വിൽപനയും പൂർണ്ണമായി തുടച്ചുനീക്കാനുള്ള ശക്തമായ നടപടികളുമായി വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ മുന്നോട്ട്. ഇതിൻ്റെ ആദ്യ പടിയായി സംസ്ഥാനത്തെ സ്കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയുടെ പരിസരങ്ങളിൽ സ്ഥിരമായി കർശന പരിശോധന നടത്താൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ കർശന നിർദേശത്തെ തുടർന്ന് സംസ്ഥാന എക്സൈസ് കമ്മീഷണർ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.
ലഹരി മാഫിയയെ പൂട്ടാൻ ലക്ഷ്യമിട്ട് നിർണായകമായ 14 നിർദേശങ്ങളാണ് എക്സൈസ് കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. ലഹരിമരുന്നിൻ്റെയും വ്യാജമദ്യത്തിൻ്റെയും നിർമാണവും വിതരണവും നടക്കാൻ സാധ്യതയുള്ള എല്ലാ കേന്ദ്രങ്ങളിലും ഇനി മുതൽ സ്ഥിരമായി റെയ്‌ഡുകൾ സംഘടിപ്പിക്കും. ലഹരി വിൽപ്പന തടയുന്നതിനും കുറ്റവാളികളെ വേഗത്തിൽ വലയിലാക്കുന്നതിനുമായി പ്രാദേശിക തലത്തിൽ രഹസ്യവിവരങ്ങൾ കൈമാറാൻ പ്രത്യേക ഇൻഫോർമർമാരെ കണ്ടെത്താനും നിയമിക്കാനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ യുവതലമുറയെ ലഹരിയിൽ നിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാരിൻ്റെ ഈ പുതിയ നീക്കം വലിയ രീതിയിലാണ് സ്വാഗതം ചെയ്യപ്പെടുന്നത്.
