ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇയിൽ രാജകീയ വരവേൽപ്പ്; 

 അഞ്ച് രാഷ്ട്രങ്ങളിലേക്കുള്ള വിദേശ പര്യടനത്തിന്റെ ഭാഗമായി ഹ്രസ്വസന്ദർശനത്തിനായി വെള്ളിയാഴ്ച ഉച്ചയോടെ യു.എ.ഇ.യിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്ത് രാജകീയ വരവേൽപ്പ് ലഭിച്ചു. യു.എ.ഇ.യുടെ ആകാശപരിധിയിൽ പ്രവേശിച്ചതുമുതൽ വ്യോമസേനയുടെ ഫൈറ്റർ ജെറ്റുകൾ അകമ്പടി സേവിച്ചാണ് പ്രധാനമന്ത്രിയുടെ വിമാനത്തെ വിമാനത്താവളത്തിലേക്ക് ആനയിച്ചത്. യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നേരിട്ട് വിമാനത്താവളത്തിൽ എത്തിയിരുന്നു.

ഇരുരാജ്യങ്ങളുടെയും ദേശീയഗാനങ്ങൾ ആലപിച്ചും സൈനികർ ഗാർഡ് ഓഫ് ഓണർ നൽകിയുമായിരുന്നു ഊഷ്മളമായ സ്വീകരണച്ചടങ്ങുകൾ നടന്നത്. വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാനെത്തിയ യു.എ.ഇ. പ്രസിഡന്റിന്റെ നടപടിയെ സഹോദരതുല്യമായ സ്നേഹം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ഇരുനേതാക്കളും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള ചർച്ചകൾ നടന്നു.അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും ഈ നിർണായക കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കൂടാതെ പ്രെസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്സിന്റെ ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു.എ.ഇ. പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൗൻ അൽ നഹ്യാൻ എന്നിവരും ഇന്ത്യൻ പ്രധാനമന്ത്രിയെ അനുഗമിക്കുന്ന ഉയർന്ന പ്രതിനിധിസംഘവും ചർച്ചകളിൽ ഭാഗമായി.

മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും ചർച്ചകളിൽ പ്രധാനവിഷയമായി വന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ആഗോളതലത്തിൽ പ്രതിഫലിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് എത്രയും വേഗം തുറക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. യു.എ.ഇ.ക്കെതിരായ ഇറാന്റെ ആക്രമണങ്ങളെ അദ്ദേഹം കടുത്ത ഭാഷയിൽ അപലപിക്കുകയും ചെയ്തു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ ഇന്ത്യയും യു.എ.ഇ.യും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്നും സന്ദർശനത്തിനിടെ പ്രധാനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *