ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ 2006-ൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച പാർവതി തിരുവോത്ത് ഇനി സംവിധായികയുടെ തൊപ്പി അണിയാനൊരുങ്ങുന്നു. റോഷൻ ആൻഡ്രൂസിന്റെ ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരം പിന്നീട് മരിയാൻ, ബാംഗ്ലൂർ ഡേയ്‌സ്, എന്ന് നിന്റെ മൊയ്‌ദീൻ, ചാർളി, ടേക്ക് ഓഫ്, ഉയരെ, കൂടെ തുടങ്ങി നിരവധി സിനിമകളിലൂടെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മലയാളത്തിന് പുറമെ ബോളിവുഡിലും തന്റേതായ മുദ്രപതിപ്പിച്ച പാർവതി, ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താൻ ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന വിവരം വെളിപ്പെടുത്തിയത്.
കൊവിഡ് കാലത്താണ് ഈ ചിത്രത്തിന്റെ തിരക്കഥ തന്നിലേക്ക് എത്തുന്നതെന്ന് പാർവതി പറയുന്നു. പലരും മുൻപും സംവിധാനത്തിനായി തന്നെ സമീപിച്ചിട്ടുണ്ടെങ്കിലും ഈ കഥ വായിച്ചപ്പോൾ ഇതായിരിക്കണം താൻ ആദ്യം സംവിധാനം ചെയ്യുന്ന സിനിമ എന്ന് ഉറപ്പിക്കുകയായിരുന്നു. ഈയൊരു പ്രോജക്റ്റിനായി താൻ അഞ്ച് വർഷമാണ് കാത്തിരുന്നത്. അഭിനയം തികച്ചും ക്രിയേറ്റീവായ ഒന്നാണെന്നും അത് തനിക്ക് സംതൃപ്തി തരുന്നുണ്ടെങ്കിലും, ജീവിതത്തിൽ അത് മാത്രമല്ല തനിക്ക് ചെയ്യാനുള്ളതെന്ന് പലപ്പോഴും തോന്നാറുണ്ടെന്നും താരം വ്യക്തമാക്കുന്നു.
അഭിനയത്തിന് പുറമെ സംവിധാനത്തിലേക്കും കടക്കുന്ന പാർവതിയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’, പൃഥ്വിരാജ് നായകനാകുന്ന ‘ഐ നോബഡി’ എന്നിവയാണ് താരത്തിന്റെ വരാനിരിക്കുന്ന പ്രധാന പ്രോജക്റ്റുകൾ. ‘റോഷാക്ക്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ നോബഡി’യുടെ ടീസറിന് ഇതിനോടകം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
