സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് തുടരുന്നു. ഇന്ന് മാത്രം ഒരു പവൻ സ്വർണ്ണത്തിന് 720 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,15,080 രൂപയായി താഴ്ന്നു. ഗ്രാമിന് ആനുപാതികമായി 90 രൂപ കുറഞ്ഞ് 14,385 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ രണ്ടു തവണകളായി പവന് 3,240 രൂപയുടെ വൻ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കുറഞ്ഞിരിക്കുന്നത്.
ആഗോള വിപണിയിലെ ചലനങ്ങളും സാമ്പത്തിക നയങ്ങളുമാണ് നിലവിൽ സ്വർണ്ണവിലയെ സ്വാധീനിക്കുന്നത്. ഇറാൻ യുദ്ധ പശ്ചാത്തലത്തിലുള്ള സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടെ, രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി ചുങ്കം 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയിരുന്നു. ഈ നടപടിയുടെ പ്രതിഫലനവും നിലവിലെ വിലക്കുറവിന് പിന്നിലുണ്ട്.
