ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര! വയോജനങ്ങൾക്കായി പുതിയ വകുപ്പ്; 

വി.ഡി. സതീശൻ മന്ത്രിസഭയുടെ ആദ്യ യോഗം പൂർത്തിയായി. തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച അഞ്ചിൽ രണ്ട് ഗ്യാരണ്ടികൾ ആദ്യ യോഗത്തിൽ തന്നെ നടപ്പാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കെഎസ്ആർടിസി ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര, വയോജനങ്ങൾക്കായുള്ള പ്രത്യേക വകുപ്പ് എന്നിവയാണ് ഇന്ന് പ്രഖ്യാപിച്ച രണ്ട് പ്രധാന ഗ്യാരണ്ടികൾ. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര പ്രാബല്യത്തിൽ വരുമെന്നും ഇതിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൻ്റെ അറിവിൽ രാജ്യത്ത് ആദ്യമായാണ് വയോജനങ്ങൾക്കായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശ വർക്കർമാർക്ക് നൽകിയ വാക്ക് പാലിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, അവരുടെ ഓണറേറിയത്തിൽ ആദ്യഘട്ടമായി 3000 രൂപയുടെ വർദ്ധനവ് വരുത്താൻ തീരുമാനിച്ചതായി അറിയിച്ചു. ഇതോടെ ആശാ വർക്കർമാരുടെ ഓണറേറിയം 12,000 രൂപയായി ഉയരും. ഇവരുടെ വിരമിക്കൽ ആനുകൂല്യം സംബന്ധിച്ച് അടുത്ത ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കും. ഇതിന് പുറമെ അങ്കണവാടി ജീവനക്കാർ, പാചക തൊഴിലാളികൾ, പ്രീ-പ്രൈമറി ടീച്ചർമാർ, ആയമാർ എന്നിവരുടെ ഓണറേറിയത്തിൽ 1000 രൂപ വീതം വർദ്ധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പുതിയ നിയമസഭാ സമ്മേളനം മെയ് 21-ന് ചേരും. മെയ് 22-നായിരിക്കും സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുക. അമ്പലപ്പുഴ നിയുക്ത എം.എൽ.എ ജി. സുധാകരനെ പ്രൊടൈം സ്പീക്കറായി നിശ്ചയിച്ചു. അഡ്വക്കേറ്റ് ജനറലായി അഡ്വ. ജെയ്ജു ബാബുവിനെയും, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി ടി. അസഫലിയെയും നിയമിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ ആക്രമിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പുനരന്വേഷണം നടത്തും. ആഭ്യന്തര വകുപ്പായിരിക്കും അന്വേഷണ സംഘത്തെ തീരുമാനിക്കുക. കൂടാതെ, സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കിക്കൊണ്ട് ധവളപത്രം പുറത്തിറക്കുമെന്നും, സെക്രട്ടറിയേറ്റിലേക്കുള്ള മാധ്യമങ്ങളുടെ വിലക്ക് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *