ഹിന്ദി, തെന്നിന്ത്യൻ സിനിമകളിലൂടെ ശ്രദ്ധേയയായ യുവ ചലച്ചിത്ര നടി അനന്യ രാജ് (27) അന്തരിച്ചു. ജൂലൈ 15-ന് പുലർച്ചെ ഉറക്കത്തിലാണ് മരണം സംഭവിച്ചതെന്ന് കുടുംബം ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ മരണവാർത്ത പുറത്തറിയാൻ ഒരു മാസത്തോളം സമയമെടുത്തത് ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
മുംബൈയിൽ വളർന്ന അനന്യ രാജ് സംഗീത വീഡിയോകളിലൂടെയും സിനിമകളിലൂടെയുമാണ് വിനോദ വ്യവസായരംഗത്തേക്ക് കടന്നുവരുന്നത്. ഹിന്ദി സിനിമകളിലും പ്രാദേശിക ചലച്ചിത്രങ്ങളിലും ഒരുപോലെ സജീവ സാന്നിധ്യമാകാൻ ചുരുങ്ങിയ കാലം കൊണ്ട് അവർക്ക് സാധിച്ചിരുന്നു. 2016-ൽ പുറത്തിറങ്ങിയ ‘7 അവേഴ്സ് ടു ഗോ’ (7 Hours to Go) എന്ന ചിത്രത്തിലൂടെയാണ് അവർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് 2017-ൽ പുറത്തിറങ്ങിയ ‘ദി ഫൈനൽ എക്സിറ്റ്’ (The Final Exit), 2019-ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രം ‘ഗോസ്റ്റ്’ (Ghost) എന്നിവയിലെ കഥാപാത്രങ്ങളിലൂടെയും അനന്യ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി.ഹിന്ദി ചിത്രങ്ങൾക്ക് പുറമെ തെന്നിന്ത്യൻ സിനിമകളിലും താരം സജീവമായിരുന്നു. തെലുങ്ക് ചിത്രമായ ‘തഗ്ഗെദെ ലെ’ (Thaggede Le), ‘മദ്രാസി ഗാംഗ്’ (Madrasi Gang) എന്നിവ ഇതിൽ പ്രമുഖമായവയാണ്. ശ്രീനിവാസ് രാജു സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ തെലുങ്ക് സസ്പെൻസ് ത്രില്ലറായ തഗ്ഗെദെ ലെയിൽ നവീൻ ചന്ദ്ര, ദിവ്യ പിള്ള, പി. രവിശങ്കർ എന്നിവർക്കൊപ്പമാണ് അനന്യയും പ്രധാന വേഷത്തിലെത്തിയത്. അനന്യ കരുത്തുറ്റ മനസ്സുള്ള ഒരു പെൺകുട്ടിയായിരുന്നുവെന്നും ഒരു രാജ്ഞിയെപ്പോലെയാണ് അവൾ ജീവിച്ചതെന്നും അനുസ്മരിച്ച കുടുംബം, ഈ ദുഃഖകരമായ സമയത്ത് സ്വകാര്യത മാനിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
