പ്രൊജക്ട് മാനേജ്‌മെന്റ് മേഖലയിൽ 70% കർശന സൗദിവൽക്കരണം വരുന്നു?

സൗദി അറേബ്യയിലെ പ്രവാസികൾക്ക്, പ്രത്യേകിച്ച് മലയാളി പ്രൊഫഷണലുകൾക്ക് കനത്ത തിരിച്ചടിയാകുന്ന പുതിയ തീരുമാനവുമായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. സ്വകാര്യ മേഖലയിലെ പ്രൊജക്ട് മാനേജ്മെന്റ് തസ്തികകളിൽ 70 ശതമാനം സൗദിവൽക്കരണം ഏർപ്പെടുത്താനാണ് തീരുമാനം. നഗരസഭാ-ഭവനകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി 2027 ഫെബ്രുവരി 14 മുതൽ പ്രാബല്യത്തിൽ വരും. ഉയർന്ന പ്രഫഷനൽ പദവികളിൽ സ്വദേശികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും അവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ഇതിലൂടെ സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്.

പ്രൊജക്ട് മാനേജ്മെന്റ് മേഖലയിൽ മൂന്നോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ പുതിയ ഉത്തരവ് നിർബന്ധമായും ബാധകമായിരിക്കും. പ്രൊജക്ട് മാനേജ്മെന്റ് ഡയറക്ടർ, പ്രൊജക്ട് മാനേജ്മെന്റ് എൻജിനീയർ, പ്രൊജക്ട് മാനേജ്മെന്റ് സ്‌പെഷലിസ്റ്റ് തുടങ്ങിയ സുപ്രധാന തസ്തികകളെയാണ് ഈ തീരുമാനം നേരിട്ട് ബാധിക്കുക. മലയാളി വിദഗ്ധർ അടക്കം നിരവധി പ്രവാസികൾ വർഷങ്ങളായി ഇത്തരം ഉയർന്ന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്ന ഉയർന്ന പദവികളിൽ പുതിയ നിയമം വരുന്നതോടെ പ്രവാസികളുടെ സാന്നിധ്യം വൻതോതിൽ കുറയുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *