താരസംഘടനയായ ‘അമ്മ’യിൽ ഉടലെടുത്ത ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നു. ശ്വേത മേനോൻ പ്രസിഡന്റായ സംഘടനയുടെ ഭരണസമിതിയിൽ നിലനിൽക്കുന്ന ചേരിപ്പോരിനെത്തുടർന്ന് നാല് പ്രമുഖ അംഗങ്ങൾക്കാണ് ഇപ്പോൾ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ഇവർ ജൂൺ ഒന്നിനും മൂന്നിനും ഇടയിലുള്ള തീയതികളിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് നേതൃത്വത്തിന്റെ നിർദ്ദേശം. സംഘടനയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ച നടി അൻസിബ ഹസൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടിനി ടോം എന്നിവർ തമ്മിലുള്ള വാക്പോരും ആരോപണങ്ങളുമാണ് നിലവിലെ പ്രശ്നങ്ങളുടെ കേന്ദ്രബിന്ദു.
ടിനി ടോം തനിക്കെതിരെ മോശം പ്രചാരണങ്ങൾ നടത്തിയെന്നും, ജിഹാദി എന്ന് വിളിച്ച് ആക്ഷേപിച്ചുവെന്നും അൻസിബ ആരോപിക്കുന്നു. നിലവിലെ ഭരണസമിതിക്ക് മുന്നിൽ ഹാജരാകാൻ അൻസിബ വിസമ്മതിച്ചു. പകരം രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവ്വതി എന്നിവർ ഉൾപ്പെടുന്ന ഒരു നിഷ്പക്ഷ സമിതി തന്റെ പരാതി കേൾക്കണമെന്നും മൊഴി വീഡിയോ റെക്കോർഡ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. ഫെബ്രുവരിയിൽ രാജിവെച്ചപ്പോൾ തിരക്കുക’ എന്നാണ് ഔദ്യോഗികമായി അറിയിച്ചതെങ്കിലും, സംഘടനയിലെ വിഷലിപ്തമായ അന്തരീക്ഷമാണ് തന്നെക്കൊണ്ട് രാജി വെപ്പിച്ചതെന്ന് താരം വെളിപ്പെടുത്തി. പ്രസിഡന്റ് ശ്വേത മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മിൽ ഭരണപരമായ കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുള്ളതായി റിപ്പോർട്ടുകളുണ്ട്. ജൂൺ 21-ന് നടക്കാനിരിക്കുന്ന ജനറൽ ബോഡി യോഗത്തിന് മുൻപായി പ്രശ്നങ്ങൾ പരിഹരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.
