ബംഗ്ലാദേശിൽ ബലിപെരുന്നാളിന് അറുക്കാൻ നിശ്ചയിച്ചിരുന്ന ‘ഡോണൾഡ് ട്രംപ്’ എന്ന് പേരുള്ള ആൽബിനോ എരുമയ്ക്ക് വൈറൽ പരിവേഷം രക്ഷയായി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുടിശൈലിയോട് സാമ്യമുള്ള സ്വർണ്ണനിറത്തിലുള്ള തലമുടിയാണ് ഈ എരുമയെ ശ്രദ്ധേയനാക്കിയത്. സ്വർണ്ണനിറത്തിലുള്ള മുടി കണ്ടാണ് ഫാം ഉടമയായ സിയാവുദ്ദീൻ മൃദയുടെ സഹോദരൻ എരുമയ്ക്ക് ‘ട്രംപ്’ എന്ന് പേരിട്ടത്. ബംഗ്ലാദേശിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന വെളുത്ത നിറത്തിലുള്ള എരുമയാണിത്.
700 കിലോ തൂക്കമുള്ള ഈ എരുമയെ ബലികർമ്മങ്ങൾക്കായി വിറ്റുപോയതായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ചിത്രം വൈറലായതോടെ ലഭിച്ച അന്താരാഷ്ട്ര ശ്രദ്ധ കണക്കിലെടുത്ത് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ ഇടപെട്ടു. ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദിന്റെ നിർദ്ദേശപ്രകാരം എരുമയെ വാങ്ങിയ ആൾക്ക് പണം തിരികെ നൽകുകയും ബലികർമ്മത്തിൽ നിന്ന് ഇതിനെ ഒഴിവാക്കുകയും ചെയ്തു. ട്രംപിനെ ഇപ്പോൾ ധാക്കയിലെ ദേശീയ മൃഗശാലയിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവിൽ രണ്ടാഴ്ചത്തെ ക്വാറന്റൈനിലുള്ള മൃഗത്തെ അതിനുശേഷം പൊതുജനങ്ങൾക്ക് കാണാനായി തുറന്നുകൊടുക്കും. മൃഗശാലയിൽ ട്രംപിനായി പ്രത്യേക കൂടും പരിചാരകനെയും സജ്ജമാക്കിയിട്ടുണ്ട്.
