തിയേറ്ററുകളിൽ വൻ വിജയം കൊയ്ത ടൊവിനോ തോമസ്-ബേസിൽ ജോസഫ്-വിനീത് ശ്രീനിവാസൻ ചിത്രം ‘അതിരടി’ ഒടിടി റിലീസിന് ഒരുങ്ങുന്നു. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 60 കോടിയിലേറെ രൂപ വാരിക്കൂട്ടി ഈ വർഷത്തെ ഏറ്റവും വലിയ അഞ്ചാമത്തെ മലയാളം ഗ്രോസറായി മാറിയ ചിത്രം സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ജൂൺ മാസത്തിൽ സ്ട്രീമിംഗ് ആരംഭിക്കുമെങ്കിലും ഔദ്യോഗിക തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മെയ് 14-ന് റിലീസ് ചെയ്ത ചിത്രം തമിഴ് പതിപ്പിലൂടെയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഒരു പക്കാ മാസ് കോമഡി ക്യാമ്പസ് എന്റർടെയ്നറായ ‘അതിരടി’, യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ചാണ് ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ചത്. ടൊവിനോ, ബേസിൽ, വിനീത് എന്നിവർക്കൊപ്പം ഷാൻ റഹ്മാനും ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നു. പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശത്തിലാഴ്ത്തുകയും ചെയ്യുന്ന തിരക്കഥയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത ഈ ചിത്രം ഡോ. അനന്തു എന്റർടെയ്ൻമെന്റ്സും ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സും ചേർന്നാണ് നിർമ്മിച്ചത്. സമീർ താഹിറും ടൊവിനോ തോമസും സഹനിർമ്മാതാക്കളായ ചിത്രത്തിൽ റിയ ഷിബു, ദർശന രാജേന്ദ്രൻ, ജിയോ ബേബി തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. തിയേറ്ററുകളിൽ വലിയ സ്വീകാര്യത ലഭിച്ച ചിത്രം ഒടിടി പ്ലാറ്റ്ഫോമിലും സമാനമായ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
