തമിഴ്‌നാട്ടിൽ ഹ്യുണ്ടായിയുടെ ‘ഇലക്ട്രിക്’ വിപ്ലവം!

ന്ത്യയെ തങ്ങളുടെ പ്രധാന ഇലക്ട്രിക് വാഹന നിർമ്മാണ ഹബ്ബാക്കി മാറ്റാൻ വൻ പദ്ധതികളുമായി ദക്ഷിണ കൊറിയൻ വാഹന ഭീമന്മാരായ ഹ്യുണ്ടായി മോട്ടോർ. തമിഴ്‌നാടിനെ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ഇലക്ട്രിക് കാറുകളുടെ പ്രാദേശിക ഉൽപ്പാദനവും ഘടക നിർമ്മാണവും ശക്തമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഈ വർഷം തന്നെ ചെന്നൈ പ്ലാന്റിൽ നിന്നും രണ്ട് പുതിയ ഇവി മോഡലുകൾ ഹ്യുണ്ടായി പുറത്തിറക്കും. ഇതിൽ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള കമ്പനിയുടെ ആദ്യത്തെ പൂർണ്ണ ഇലക്ട്രിക് കാറും ഉൾപ്പെടുന്നുണ്ട്. കൂടാതെ തമിഴ്‌നാട്ടിൽ ഒരു ബാറ്ററി സബ്-അസംബ്ലി യൂണിറ്റ് സ്ഥാപിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

അടുത്ത അഞ്ച് മുതൽ ആറ് വർഷത്തിനുള്ളിൽ തങ്ങളുടെ വാഹനങ്ങളുടെ പ്രാദേശികവൽക്കരണ നിരക്ക് 82 ശതമാനത്തിൽ നിന്ന് 90 ശതമാനമായി ഉയർത്താനാണ് ഹ്യുണ്ടായിയുടെ നീക്കം. അതായത് കാറുകൾക്ക് ആവശ്യമായ ഭൂരിഭാഗം ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കും. തമിഴ്‌നാട്ടിലെ പ്രാദേശിക വിതരണക്കാരിൽ നിന്ന് കൂടുതൽ ഘടകങ്ങൾ വാങ്ങുന്നതിലൂടെ ഏകദേശം 4,000 കോടി രൂപയുടെ അധിക ബിസിനസ്സ് വിപണിയിലുണ്ടാകും. ഈ വൻ വികസനം വഴി സംസ്ഥാനത്ത് രണ്ടായിരത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സാങ്കേതിക വികസനത്തിന്റെ ഭാഗമായി തമിഴ്‌നാട് സർക്കാരുമായി ചേർന്ന് ഹ്യുണ്ടായി ഒരു പ്രത്യേക നൈപുണ്യ വികസന പരിപാടിയും ആരംഭിക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ, ഹൈഡ്രജൻ മൊബിലിറ്റി, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നിർമ്മാണം തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളിൽ ഉദ്യോഗാർത്ഥികൾക്ക് ഈ പ്രോഗ്രാമിലൂടെ പരിശീലനം നൽകും. 2027 ഡിസംബറോടെ ഈ പദ്ധതിക്ക് തുടക്കമാകും. 2023 മുതൽ 2032 വരെയുള്ള കാലയളവിൽ തമിഴ്‌നാട്ടിൽ ആകെ 26,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് ഹ്യുണ്ടായി വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *