രാജ്യത്ത് ‘ഇ85’ ഇന്ധനം വരുന്നു?

രാജ്യത്ത് പെട്രോളിനേക്കാൾ വിലക്കുറവിൽ ലഭിക്കുന്ന 85 ശതമാനം എഥനോൾ കലർന്ന ‘ഇ85’ ഇന്ധനം പ്രോത്സാഹിപ്പിക്കാൻ വൻ പദ്ധതികളുമായി കേന്ദ്ര സർക്കാർ. ഹീറോ മോട്ടോർകോർപ്പിന്റെ പുതിയ ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനങ്ങൾ പുറത്തിറക്കിക്കൊണ്ട് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയാണ് ഈ സുപ്രധാന വിവരം അറിയിച്ചത്. 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും അടങ്ങുന്ന ഈ ഇന്ധനം ഫ്‌ളെക്‌സ് ഫ്യൂവൽ എഞ്ചിനുകളുള്ള പ്രത്യേക വാഹനങ്ങളിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ഇതിനായുള്ള കൃത്യമായ നയരൂപീകരണ ചടങ്ങുകൾ പുരോഗമിക്കുകയാണെന്നും ഇന്ധനത്തിന്റെ വിലവിവരങ്ങൾ ഉടൻ തന്നെ വെളിപ്പെടുത്തുമെന്നും മന്ത്രി ഉറപ്പുനൽകി.

പെട്രോളിയം ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഘട്ടംഘട്ടമായാണ് ഇ85 ഇന്ധനം രാജ്യത്ത് വ്യാപകമാക്കുക. ആദ്യ ഘട്ടത്തിൽ ഡൽഹി-എൻ.സി.ആർ, മുംബൈ, പുനെ, നാസിക് എന്നീ നഗരങ്ങളിലാണ് ഇത് ലഭ്യമാവുക. ഈ വർഷം ഡിസംബറോടെ 500 പമ്പുകളും 2027 അവസാനത്തോടെ രാജ്യത്തുടനീളം 5,000 പമ്പുകളും ഇ85 ഇന്ധനത്തിനായി സജ്ജമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വൈദ്യുത വാഹനങ്ങളേക്കാൾ മലിനീകരണം കുറഞ്ഞ പരിസ്ഥിതി സൗഹൃദ ഇന്ധനമായാണ് ശാസ്ത്രലോകം ഇതിനെ കണക്കാക്കുന്നത്.

രാജ്യത്തെ പകുതിയോളം ഇരുചക്ര-നാലുചക്ര വാഹനങ്ങൾ ഫ്‌ളെക്‌സ് ഫ്യൂവലിലേക്ക് മാറുകയാണെങ്കിൽ എഥനോളിന്റെ ആവശ്യം 311.8 കോടി ലിറ്ററായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇത് രാജ്യത്തെ കർഷകർക്ക് 12,403 കോടി രൂപയുടെ അധിക വരുമാനം ഉറപ്പാക്കാൻ സഹായിക്കും. കൂടാതെ, അന്തരീക്ഷത്തിലെ കാർബൺ ബഹിർഗമനത്തിൽ 66.4 ലക്ഷം മെട്രിക് ടണ്ണിന്റെ വൻ കുറവുണ്ടാക്കാൻ ഈ ഹരിത ഇന്ധന വിപ്ലവത്തിലൂടെ സാധിക്കുമെന്നും കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *