പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെതിരെ അന്വേഷണ ഏജൻസികളുടെ നടപടികൾ ശക്തമാകുന്നു. പാർട്ടിക്കുള്ളിലെ പ്രതിസന്ധികൾ രൂക്ഷമാകുന്നതിനിടെയാണ് പ്രമുഖ നേതാക്കൾക്കെതിരെ എൻഐഎ, സിഐഡി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയ ഏജൻസികൾ നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.
മമത ബാനർജിയുടെ വിശ്വസ്തനായി കണക്കാക്കപ്പെടുന്ന മുൻ എംഎൽഎ ഷൗക്കത്ത് മൊല്ലയുടെ ഭംഗയിലുള്ള സൗത്ത് ബമുനിയയിലെ വസതിയിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മുമ്പ് നടന്ന ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടന്നത്. കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ സമ്മർദ്ദമുയർന്നതിനെ തുടർന്നാണ് അന്വേഷണം എൻഐഎയ്ക്ക് കൈമാറിയത്.
അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് നേതാവ് വഹിദുൾ ഇസ്ലാം ഉൾപ്പെടെ നിരവധി പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. തുടർ അന്വേഷണത്തിന്റെ ഭാഗമായാണ് പ്രത്യേക അന്വേഷണസംഘം ഷൗക്കത്ത് മൊല്ലയുടെ വീട്ടിൽ പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചത്. സ്ഫോടനത്തിന് പിന്നിൽ തൃണമൂൽ സ്ഥാനാർഥികളും നേതാക്കളുമാണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.അതേസമയം, തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കൂടിയായ എംപി അഭിഷേക് ബാനർജിക്ക് വ്യാജ ഒപ്പ് കേസിൽ ഹാജരാകാൻ സിഐഡി വീണ്ടും നോട്ടീസ് നൽകി. ജൂൺ 8-ന് സിഐഡി ആസ്ഥാനത്ത് നേരിട്ട് ഹാജരായി മൊഴി നൽകണമെന്നാണ് നിർദേശം. കഴിഞ്ഞ തിങ്കളാഴ്ച സിഐഡി സംഘം അഭിഷേക് ബാനർജിയുടെ വസതിയിൽ എത്തിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടിരുന്നു.
കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കി ചോദ്യം ചെയ്യലിന് എത്തണമെന്നാണ് സിഐഡിയുടെ പുതിയ നിർദേശം. തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവ് സോബൻദേബ് ചത്തോപാധ്യായയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിയേറ്റിന് നൽകിയ കത്തിൽ എംഎൽഎമാരുടെ വ്യാജ ഒപ്പുകൾ ഉപയോഗിച്ചുവെന്ന ആരോപണമാണ് കേസിന്റെ ആധാരം.
മെയ് 28-ന് കൊൽക്കത്ത പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് പിന്നീട് സിഐഡി ഏറ്റെടുത്തത്. സംഭവത്തിൽ കൂടുതൽ നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, സംസ്ഥാനത്തെ പ്രൈമറി സ്കൂൾ നിയമനങ്ങളിൽ ക്രമക്കേട് നടന്നുവെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിൽ അഭിഷേക് ബാനർജിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) നോട്ടീസ് നൽകിയിട്ടുണ്ട്. ജൂൺ 15-ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം. ഇതോടെ വിവിധ കേസുകളിൽ ഒരേസമയം അന്വേഷണ ഏജൻസികളുടെ സമ്മർദ്ദം നേരിടേണ്ട സാഹചര്യത്തിലാണ് തൃണമൂൽ കോൺഗ്രസ് നേതൃത്വം.
