വെടിനിർത്തൽ വ്യവസ്ഥകൾ പൂർണ്ണമായും അംഗീകരിച്ച് ഇസ്രയേലും ലെബനനും!

മേരിക്കയുടെ ശക്തമായ മധ്യസ്ഥതയിൽ വാഷിങ്ടണിൽ വെച്ച് നടന്ന അതിനിർണ്ണായക ചർച്ചകൾക്കൊടുവിൽ വെടിനിർത്തൽ വ്യവസ്ഥകൾ പൂർണ്ണമായും അംഗീകരിക്കാൻ ഇസ്രയേലും ലെബനനും തയ്യാറായി. പുതിയ കരാർ പ്രകാരം സായുധ സംഘടനയായ ഹിസ്ബുള്ള ഇസ്രയേലിന് നേരെയുള്ള എല്ലാവിധ സൈനികാക്രമണങ്ങളും ഉടനടി നിർത്തിവെക്കണം. കൂടാതെ, തെക്കൻ ലിറ്റാനി സെക്ടറിൽ നിന്ന് ഹിസ്ബുള്ളയുടെ പോരാളികളെ പൂർണ്ണമായും പിൻവലിക്കണമെന്നും വ്യവസ്ഥയുണ്ട്. നിലവിലെ യുദ്ധസാഹചര്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ തുടരാനും ധാരണയായിട്ടുണ്ട്.

ഇറാനെ പിന്തുണച്ച് ഇസ്രയേലിനെതിരെ ഹിസ്ബുള്ള ആക്രമണം ശക്തമാക്കിയതോടെയാണ് കഴിഞ്ഞ മാർച്ചിൽ ഇസ്രയേൽ ലെബനന് നേരെ തിരിഞ്ഞതും പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതും. കഴിഞ്ഞ മാസവും ഇരുവിഭാഗങ്ങളും തമ്മിൽ വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടിരുന്നെങ്കിലും, പിന്നീട് ധാരണകൾ ലംഘിച്ച് അതിർത്തിയിൽ കടുത്ത പോരാട്ടം തുടരുകയായിരുന്നു. ലെബനനിൽ വെടിനിർത്തൽ നടപ്പിലാക്കിയില്ലെങ്കിൽ അമേരിക്കയുമായി ഒപ്പുവെക്കാനിരിക്കുന്ന മറ്റൊരു സമാധാന കരാറിനെയും തങ്ങൾ പിന്തുണയ്ക്കില്ലെന്ന് ഇറാൻ നിലപാട് എടുത്തതോടെ മേഖലയിൽ വീണ്ടും ആശങ്ക പടർന്നിരുന്നു.

ലെബനനിൽ ഇസ്രയേൽ തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് കടുത്ത ഭാഷയിൽ അതൃപ്തി അറിയിച്ചിരുന്നു. ഇസ്രയേലിന്റെ ആക്രമണങ്ങൾ കാരണം അമേരിക്കയുമായുള്ള ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ഭീഷണി മുഴക്കിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ ഈ ശക്തമായ ഇടപെടൽ. ട്രംപ് നിലപാട് കടുപ്പിച്ചതോടെയാണ് ഒടുവിൽ വെടിനിർത്തൽ കരാർ യാഥാർത്ഥ്യമാക്കാൻ ഇസ്രയേലും ലെബനനും നിർബന്ധിതരായത്.

Leave a Reply

Your email address will not be published. Required fields are marked *