നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ച് പോലീസ്. കുഞ്ഞ് കൊല്ലപ്പെട്ട ദിവസം അമ്മ അഖില നാഗർകോവിലിൽ പോയിരുന്നുവോ എന്ന് കണ്ടെത്താനായി നെടുമങ്ങാട് പോലീസ് സംഘം അങ്ങോട്ട് തിരിച്ചു. ആ ദിവസം താൻ നാഗർകോവിലിൽ ഒരു ഡാൻസ് പരിപാടിക്ക് പോയിരുന്നു എന്നാണ് അഖില നൽകിയ മൊഴി. എന്നാൽ ഇവരുടെ അടിക്കടിയുള്ള തമിഴ്‌നാട് യാത്രകളിൽ വലിയ സംശയമുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. നിലവിൽ കൊലപാതകത്തിൽ അഖിലയ്‌ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
അതിനിടെ, കുഞ്ഞിന്റെ മരണകാരണം നെഞ്ചിലേറ്റ അതിശക്തമായ ചവിട്ടാണെന്ന് പോലീസ് കണ്ടെത്തി. ചവിട്ടിന്റെ ആഘാതത്തിൽ അർഷിദിന്റെ ഏഴ് വാരിയെല്ലുകൾ ഒടിയുകയും ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തലയ്ക്കേറ്റ മർദ്ദനം കാരണം അഞ്ചിടത്ത് നീർക്കെട്ടുണ്ടായതായും കോടതിയെ പോലീസ് അറിയിച്ചു. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ ശരീരത്തിൽ ചെറുതും വലുതുമായ 91 മുറിവുകളാണ് കണ്ടെത്തിയത്. ഇതിൽ പകുതിയും പഴയ മുറിവുകളാണെന്നത് കുഞ്ഞ് നിരന്തരം ക്രൂര പീഡനത്തിന് ഇരയായിരുന്നുവെന്ന് തെളിയിക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേരളത്തെ നടുക്കിയ ഈ സംഭവം നടന്നത്. ചോറ് കഴിക്കുന്നതിനിടെ കുഞ്ഞ് ഛർദ്ദിച്ചുവെന്ന് പറഞ്ഞാണ് അഖിലയുടെ ആൺസുഹൃത്തായ അഷ്കർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ, കുഞ്ഞ് കരച്ചിൽ നിർത്താത്തതിനെ തുടർന്ന് താൻ തലയ്ക്കടിച്ചതായും നെഞ്ചിൽ ചവിട്ടിയതായും പ്രതി കുറ്റസമ്മതം നടത്തി. ഇയാൾ സ്ത്രീകളെ വിവാഹ വാഗ്ദാനം നൽകി പണം തട്ടുന്നത് പതിവാക്കിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഷ്കർ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചും പോലീസ് ഇപ്പോൾ പ്രത്യേക അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
