വെള്ളാപ്പള്ളിക്കൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാർ; 

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം യു.ഡി.എഫ് മന്ത്രിമാർ പങ്കെടുക്കേണ്ടിയിരുന്ന ആലപ്പുഴയിലെ പൊതുപരിപാടി മാറ്റിവെച്ചു. മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം. ലിജുവും അവസാനനിമിഷം അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് സംഘാടകർ പരിപാടി തന്നെ ഒഴിവാക്കാൻ തീരുമാനിച്ചത്. ആലപ്പുഴ പഴവീട് കൃഷ്ണ കൺവെൻഷൻ സെന്ററിൽ ഇന്ന് വൈകീട്ട് നടക്കേണ്ടിയിരുന്ന കേരള കൗമുദി വാർഷികാഘോഷവും ജനപ്രതിനിധികളെ ആദരിക്കുന്ന ചടങ്ങുമാണ് മാറ്റിവെച്ചത്.

മുഖ്യതിഥികളാകേണ്ടിയിരുന്ന മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം. ലിജുവും തങ്ങൾക്ക് പങ്കെടുക്കാൻ കഴിയില്ലെന്ന് സംഘാടകരെ അറിയിക്കുകയായിരുന്നു. തിരുവനന്തപുരത്ത് വിശാല കെ.പി.സി.സി യോഗം നടക്കുന്നതിനാൽ ആലപ്പുഴയിൽ എത്താൻ വൈകുമെന്നാണ് മന്ത്രിമാർ അറിയിച്ചിട്ടുള്ളത്. പരിപാടിയുടെ പുതുക്കിയ തീയതി പിന്നീട് നിശ്ചയിക്കും. ഇന്ന് രാവിലെ വരെ പരിപാടിയിൽ പങ്കെടുക്കുമെന്ന് മന്ത്രിമാർ ഉറപ്പുനൽകിയിരുന്നതായി സംഘാടകർ വ്യക്തമാക്കുന്നു. ഇതിനായി വൈകീട്ട് നാല് മണിയുടെ വന്ദേ ഭാരത് എക്സ്പ്രസ്സിൽ ഇരുവരും ആലപ്പുഴയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തിരുന്നു. ജില്ലയിലെ എം.എൽ.എമാരെ ആദരിക്കുന്ന ഈ ചടങ്ങിൽ നിന്ന് അസൗകര്യം മൂലം പങ്കെടുക്കാൻ കഴിയില്ലെന്ന് എം.എ.ൽ.എ സജി ചെറിയാൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉൾപ്പെടെയുള്ള മറ്റ് ജനപ്രതിനിധികൾക്കും ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *