സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 126 പേർക്ക് ഷിഗെല്ല ബാക്ടീരിയ ബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. രോഗബാധിതരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ട്. 3 കുട്ടികളിൽ രണ്ടുപേരെ ഇതിനകം ഡിസ്ചാർജ് ചെയ്തതായും മന്ത്രി വ്യക്തമാക്കി. ബത്തേരിയിലെ പ്രാഥമിക പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കൂടുതൽ പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് പുതിയതായി രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഷിഗെല്ല വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ കർശനമാക്കാൻ അടിയന്തര നിർദ്ദേശം നൽകി. ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും ഉപഭോക്താക്കൾക്ക് നൽകാൻ ശുദ്ധീകരിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് കർശന നിർദ്ദേശം നൽകി. ഫുഡ് സേഫ്റ്റി വകുപ്പ് ഇതിനായി പ്രത്യേക പരിശോധനകൾ നടത്തും. കുട്ടികൾക്ക് വയറിളക്കം റിപ്പോർട്ട് ചെയ്ത സ്കൂളിലെ കുഴൽക്കിണറിലെ വെള്ളം പരിശോധിച്ചതിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ സ്കൂളിലെ സാധാരണ കിണറ്റിലെ വെള്ളത്തിന്റെ പരിശോധനാ ഫലം കൂടി വരാനുണ്ട്.
