നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാവുകയാണ്. ഇന്ത്യ മഹാരാജ്യത്തിന്റെ ചരിത്രത്തിലെ പതിനാറാമത്തെയും, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എട്ടാമത്തെയും വിപുലമായ സെൻസസ് നടപടികളാണ് ഇപ്പോൾ ആരംഭിക്കുന്നത്.
സാധാരണയായി ഓരോ 10 വർഷം കൂടുമ്പോഴുമാണ് നമ്മുടെ നാട്ടിൽ സെൻസസ് നടക്കാറുള്ളത്. അവസാനമായി നടന്നത് 2011-ലാണ്. അതുകഴിഞ്ഞ് കൃത്യം 10 വർഷം തികഞ്ഞ 2021-ൽ നടക്കേണ്ടിയിരുന്ന ഈ സെൻസസ്, കോവിഡ് മഹാമാരിയും പിന്നീട് വന്ന പൊതുതിരഞ്ഞെടുപ്പുകളും കാരണമാണ് ഇത്രയും വൈകിയത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് സെൻസസ് നടപടികൾ ഇത്രയധികം വൈകി, അതായത് 15 വർഷങ്ങൾക്ക് ശേഷം നടക്കാൻ പോകുന്നത്.”
കേരളത്തിൽ ഇതിന്റെ ആദ്യ ഘട്ടമായ ‘സെൽഫ് എന്യൂമറേഷൻ’ ജൂൺ 16 മുതൽ ജൂൺ 30 വരെ നടക്കും. മൊബൈൽ ഫോൺ വഴി സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, സാധാരണക്കാരായ ജനങ്ങൾ വലിയ ആശങ്കയിലാണ്. എന്താണ് ഈ ആശങ്കയ്ക്ക് കാരണം?
നമ്മുടെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസികളോട് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരും കേരളത്തിലെ എൽ.ഡി.എഫ് സർക്കാരും കാണിക്കുന്ന കടുംവെട്ടാണ് ഇതിലൂടെ പുറത്തുവരുന്നത്. സെൻസസ് സമയത്ത് അടഞ്ഞുകിടക്കുന്ന വീടുകൾ കണക്കെടുപ്പിൽ ഉൾപ്പെടുത്തില്ല എന്നാണ് സെൻസസ് കമ്മീഷൻ പറയുന്നത്! ലക്ഷക്കണക്കിന് പ്രവാസികളുള്ള കേരളത്തിൽ അവരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനുള്ള ഗൂഢാലോചനയാണോ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രവാസി ക്ഷേമം പ്രസംഗിച്ചുകൊണ്ടിരുന്ന പിണറായി സർക്കാരും ഇതിനെതിരെ മിണ്ടുന്നില്ല. എന്താണ് ഈ പുതിയ സെൻസസ്?
എന്താണ് ഈ സെൽഫ് എന്യൂമറേഷൻ? എങ്ങനെയാണ് സ്വന്തം ഫോണിൽ ഇത് ചെയ്യുക? ഇതിൽ നമ്മൾ എന്തൊക്കെ വിവരങ്ങളാണ് നൽകേണ്ടത്? തെറ്റായ വിവരങ്ങൾ നൽകിയാൽ എന്താണ് നിയമനടപടി? ലളിതമായി നമുക്ക് മനസ്സിലാക്കാം.
1: സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം?
”ആദ്യം തന്നെ ഈ സെൻസസിന്റെ ഭാഗമായി നമ്മൾ ചെയ്യേണ്ട സാങ്കേതിക കാര്യങ്ങൾ മനസ്സിലാക്കാം. ഡിജിറ്റൽ ഇന്ത്യ എന്ന് കേന്ദ്രം വെറുതെ പ്രസംഗിക്കുമ്പോഴും സാധാരണക്കാർക്ക് ഇത് എത്രത്തോളം എളുപ്പമാകുമെന്ന് കണ്ടറിയണം. എങ്കിലും നിയമപരമായ നടപടിയായതുകൊണ്ട് നമ്മൾ ഇത് കൃത്യമായി ചെയ്യേണ്ടതുണ്ട്.
നിങ്ങളുടെ മൊബൈലിൽ se2021.census.gov.in എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്യുക. പ്രത്യേകം ശ്രധിക്കുക (ജൂൺ 16-ന് ശേഷമേ ഈ ലിങ്ക് കേരളത്തിൽ ലഭ്യമാകൂ).
ഹോം പേജിൽ നിങ്ങളുടെ സംസ്ഥാനം (കേരളം) തിരഞ്ഞെടുക്കുക. തുടർന്ന് ക്യാപ്‌ച കോഡ് നൽകുക.
കുടുംബനാഥന്റെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ നൽകി ഫോണിൽ വരുന്ന OTP സബ്മിറ്റ് ചെയ്യുക.
അടുത്തതായി മാപ്പ് ഓപ്പൺ ആയി വരും. അതിൽ നിങ്ങളുടെ വീട് കൃത്യമായി കണ്ടെത്തി അതിനു മുകളിൽ ‘റെഡ് മാർക്കർ’ സ്ഥാപിച്ച് ലൊക്കേഷൻ സേവ് ചെയ്യണം.”
”ലൊക്കേഷൻ കൺഫേം ചെയ്താൽ 4 വിഭാഗങ്ങളിലായി നമ്മുടെ വീടിനെയും ആസ്തികളെയും കുറിച്ചുള്ള ചോദ്യങ്ങളാണ് വരിക.
”ഒന്നാമത്തേത്, വീടിന്റെ വിശദാംശങ്ങൾ , നിങ്ങളുടെ വീട് നിർമ്മിക്കാൻ ഉപയോഗിച്ച വസ്തുക്കൾ എന്തൊക്കെയാണ്? അതായത് തറ ഏതുതരം മെറ്റീരിയൽ കൊണ്ടാണ്, ഭിത്തികൾ എന്താണ്, മേൽക്കൂര കോൺക്രീറ്റ് ആണോ ഓടാണോ ഷീറ്റാണോ തുടങ്ങിയവ. ഒപ്പം വീടിന്റെ നിലവിലെ അവസ്ഥ എങ്ങനെയുള്ളതാണ് എന്നതിനും ഓപ്ഷനുകൾ ഉണ്ടാകും. അത് കൃത്യമായി സെലക്ട് ചെയ്ത് സേവ് ചെയ്യുക.
രണ്ടാമത്തേത്, കുടുംബ വിവരങ്ങൾ (): നിങ്ങളുടെ കുടുംബത്തിൽ ആകെ എത്ര അംഗങ്ങളുണ്ട്? അതിൽ പുരുഷന്മാർ എത്ര, സ്ത്രീകൾ എത്ര? നിങ്ങൾ താമസിക്കുന്ന വീട് സ്വന്തം വീടാണോ അതോ വാടകവീടാണോ? കുടുംബത്തിൽ എത്ര ദമ്പതികൾ (Married Couples) ഉണ്ട്? എത്ര മുറികളുണ്ട്? ഇത്തരം വിവരങ്ങളാണ് ഇവിടെ നൽകേണ്ടത്.”
”മൂന്നാമത്തേത്, അടിസ്ഥാന സൗകര്യങ്ങൾ (Amenities): നിങ്ങളുടെ വീട്ടിലെ കുടിവെള്ളത്തിന്റെ പ്രധാന സ്രോതസ്സ് എന്താണ്? കിണറാണോ, പൈപ്പ് കണക്ഷനാണോ? വീട്ടിൽ വൈദ്യുതി ലഭ്യമാണോ? ടോയ്‌ലറ്റ്, കുളിമുറി സൗകര്യങ്ങൾ എങ്ങനെയാണ്? പാചകം ചെയ്യാൻ ഉപയോഗിക്കുന്നത് എൽപിജി (LPG) ആണോ വിറകാണോ തുടങ്ങിയ വിവരങ്ങൾ.
നാലാമത്തേത്, ആസ്തികളും ജീവിതരീതിയും (Assets): നിങ്ങളുടെ വീട്ടിൽ റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ് സൗകര്യം, കമ്പ്യൂട്ടർ അല്ലെങ്കിൽ ലാപ്ടോപ്പ്, സ്മാർട്ട്ഫോൺ എന്നിവയുണ്ടോ? വീട്ടിൽ ഉപയോഗിക്കുന്ന വാഹനങ്ങൾ (സൈക്കിൾ, സ്കൂട്ടർ, കാർ) ഏതൊക്കെയാണ്? കുടുംബാംഗങ്ങൾ പ്രധാനമായി ആഹാരമാക്കുന്ന ധാന്യം (അരി അല്ലെങ്കിൽ ഗോതമ്പ്) ഏതാണ്? തുടങ്ങിയ വിവരങ്ങൾ പൂരിപ്പിക്കണം.”
ഇതെല്ലാം പൂരിപ്പിച്ച് പ്രിവ്യൂ നോക്കി ‘Final Submit’ ചെയ്യുമ്പോൾ നിങ്ങളുടെ മൊബൈലിലേക്ക് 11 അക്കങ്ങളുള്ള ഒരു ഐഡന്റിഫിക്കേഷൻ ഐഡി വരും. ഇത് നിങ്ങളുടെ ഫോണിൽ സൂക്ഷിച്ചുവെക്കുക. പിന്നീട് ജൂലൈ മാസം ഉദ്യോഗസ്ഥർ വീടുകളിൽ വരുമ്പോൾ ഈ നമ്പർ കാണിച്ചാൽ മതിയാകും.
ഇനി ഇതിന്റെ രാഷ്ട്രീയ വശങ്ങളിലേക്ക് വരാം. ജനങ്ങൾ ഈ സെൻസസിനെ ആശങ്കയോടെ നോക്കിക്കാണാൻ ചില കൃത്യമായ കാരണങ്ങളുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിന്റെ (CAA) പേരിലും ദേശീയ പൗരത്വ രജിസ്റ്ററിന്റെ (NRC) പേരിലും കേന്ദ്ര സർക്കാർ വലിയ ഭീതിയാണ് ജനങ്ങളിൽ ഉണ്ടാക്കിയത്. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ കേരളത്തിൽ വലിയ അട്ടിമറികളാണ് എൽ.ഡി.എഫ് സർക്കാർ നടത്തിയത്. ഈ സാഹചര്യത്തിൽ സെൻസസ് വരുമ്പോൾ ജനങ്ങൾക്ക് ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്.
ഏറ്റവും വലിയ ക്രൂരത പ്രവാസികളോടാണ്. കേരളത്തിൽ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികൾ വിദേശങ്ങളിൽ താമസിക്കുമ്പോൾ അവരുടെ നാട്ടിലെ വീടുകൾ അടഞ്ഞു കിടക്കുകയാണ്. ഈ അടഞ്ഞുകിടക്കുന്ന വീടുകൾ കണക്കെടുപ്പിൽ ഉൾപ്പെടുത്തില്ല എന്ന് സെൻസസ് കമ്മീഷൻ പറയുമ്പോൾ, കേരളത്തിന്റെ നട്ടെല്ലായ പ്രവാസികളെ പൗരത്വ കണക്കെടുപ്പിൽ നിന്ന് പുറത്താക്കാനാണോ ഈ നീക്കം എന്ന് യു.ഡി.എഫ് ചോദിക്കുകയാണ്. സംസ്ഥാന സർക്കാർ ഇതിനെതിരെ കേന്ദ്രത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്താൻ തയ്യാറാകണം.
മറ്റൊരു കാര്യം, 2027 ഫെബ്രുവരിയിൽ നടക്കുന്ന രണ്ടാം ഘട്ടത്തിൽ ജാതി സെൻസസ് കൂടി ഉൾപ്പെടുത്തുമെന്നാണ് പറയുന്നത്. 1931-ന് ശേഷം രാജ്യത്ത് ജാതി സെൻസസ് കൃത്യമായി നടന്നിട്ടില്ല. പാവപ്പെട്ട പിന്നാക്ക ജനവിഭാഗങ്ങൾക്ക് കൃത്യമായ ആനുകൂല്യങ്ങൾ ലഭിക്കാൻ ജാതി സെൻസസ് വേണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്. എന്നാൽ ബി.ജെ.പി സർക്കാർ ഇതിനോട് മുഖം തിരിക്കാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്.”
948-ലെ സെൻസസ് ആക്ട് പ്രകാരം അറിഞ്ഞുകൊണ്ട് തെറ്റായ വിവരങ്ങൾ നൽകുന്നത് 1000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയാൽ കടുത്ത നിയമനടപടികളും ഉണ്ടാകും.
അതുകൊണ്ട്, രാഷ്ട്രീയ ജാഗ്രത കൈവിടാതെ തന്നെ, നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കൃത്യമായ വിവരങ്ങൾ മാത്രം പോർട്ടലിൽ രേഖപ്പെടുത്തുക.”രാജ്യത്തിന്റെ ഭാവി വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സെൻസസ്. അതുകൊണ്ട് ജൂൺ 16 മുതൽ ആരംഭിക്കുന്ന ഈ സെൽഫ് എന്യൂമറേഷൻ പ്രക്രിയയിൽ നിങ്ങളും പങ്കാളികളാകുക.
