കേരള സ്പോർട്സ് കൗൺസിലിൽ 12 കോടിയുടെ വൻ അഴിമതി പുറത്ത്!

കേരളത്തിലെ കായിക പ്രേമികളെയും പൊതുസമൂഹത്തെയും ഒരേപോലെ ഞെട്ടിച്ച ഒരു വൻ അഴിമതിക്കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ പത്തുവർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ കേരളത്തിലെ സ്പോർട്സ് കൗൺസിൽ അഴിമതിയുടെയും രാഷ്ട്രീയ സ്വജനപക്ഷപാതത്തിന്റെയും ഒരു വിളനിലമായി മാറിയിരുന്നു എന്ന യു.ഡി.എഫിന്റെ ആരോപണങ്ങൾ ശരിവെക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ അരങ്ങേറുന്നത്. പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ ഏറ്റവും ജൂനിയറായ, എന്നാൽ കായികതാരങ്ങളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്ന ഉശിരനായ കായിക മന്ത്രി – ഒ.ജെ ജനീഷ് – നടത്തിയ ശക്തമായ ഇടപെടലാണ് മുൻ കായിക മന്ത്രി അബ്ദുറഹ്മാന്റെയും സി.പി.എം നേതാക്കളുടെയും അറിവോടെ നടന്ന 12 കോടി രൂപയുടെ വൻ അഴിമതി ഇപ്പോൾ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

        എന്താണ് യഥാർത്ഥത്തിൽ ഈ 12 കോടിയുടെ തട്ടിപ്പ്? കായികരംഗത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ പ്രതിഭകളെ വളർത്തിയെടുക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ച 'പൈക്ക' (PYKKA) പദ്ധതിയുടെ തുകയിലാണ് ഈ വൻ അട്ടിമറി നടന്നിരിക്കുന്നത്. ഈ ഫണ്ടിന്റെ നേരിട്ടുള്ള ചുമതലയുണ്ടായിരുന്ന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് രഞ്ജിത് അടക്കമുള്ള സി.പി.എം പ്രതിനിധികൾ ചേർന്നാണ് സാധാരണക്കാരായ കായികതാരങ്ങൾക്ക് ലഭിക്കേണ്ട കോടികൾ സ്വന്തം പോക്കറ്റിലാക്കിയത്. ഒരു വയലിൽപ്പോയി ക്രിക്കറ്റ് കളിച്ച ചരിത്രമോ, കായിക പാരമ്പര്യമോ ഇല്ലാത്ത ശുദ്ധ രാഷ്ട്രീയക്കാരെയാണ് കഴിഞ്ഞ സർക്കാർ സ്പോർട്സ് കൗൺസിലിന്റെ തലപ്പത്ത് കുടിയിരുത്തിയത്. കായികരംഗത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത ഇവർക്ക്, കായികതാരങ്ങൾക്ക് ലഭിക്കേണ്ട വിഹിതം സ്വന്തം പോക്കറ്റിലേക്ക് എത്തിക്കുക എന്നതിൽ കവിഞ്ഞ് യാതൊരു താല്പര്യവുമില്ലായിരുന്നു എന്ന് ഈ തട്ടിപ്പിലൂടെ വ്യക്തമാകുകയാണ്.

  എന്നാൽ, യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അഴിമതിക്കാരെ വെറുതെ വിടില്ല എന്ന ജനങ്ങൾക്കുള്ള ഉറപ്പ് പുതിയ കായിക മന്ത്രി കൃത്യമായി പാലിക്കുകയാണ്. മന്ത്രി ജനീഷ് അധികാരമേറ്റയുടൻ തന്നെ ഈ അഴിമതിയെക്കുറിച്ച് വകുപ്പുതല അന്വേഷണത്തിന് കർശന നിർദ്ദേശം നൽകി. അന്വേഷണം പ്രഖ്യാപിച്ചതോടെ സി.പി.എം നോമിനികളായ ഭാരവാഹികൾ ഭയന്നോടാൻ തുടങ്ങി. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സാനു രാജി വെച്ചതിനു പിന്നാലെ, പൈക്കയുടെ ചുമതലക്കാരൻ രഞ്ജിത് അടക്കം ഏഴോളം സി.പി.എം അംഗങ്ങളാണ് കൂട്ടരാജി നൽകി രക്ഷപ്പെടാൻ നോക്കുന്നത്. പക്ഷേ, മന്ത്രി ജനീഷിന്റെ നിലപാട് വളരെ വ്യക്തമാണ് - "അഴിമതി അന്വേഷിച്ച് റിപ്പോർട്ട് വരട്ടെ, എന്നിട്ട് രാജി വെച്ച് ഓടിയാൽ മതി. രാജി നൽകി ആരും ഈ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാമെന്ന് വിചാരിക്കേണ്ട!" അഴിമതിക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന യു.ഡി.എഫിന്റെ ഈ ശക്തമായ നിലപാടിന് ജനങ്ങൾക്കിടയിൽ വലിയ കയ്യടിയാണ് ലഭിക്കുന്നത്.

     ഈ തട്ടിപ്പുകൾ നടക്കുമ്പോൾ മുൻ കായിക മന്ത്രി അബ്ദുറഹ്മാൻ എന്തെടുക്കുകയായിരുന്നു? 

ഒരു കായിക മന്ത്രി അറിയാതെ തന്റെ വകുപ്പിന് കീഴിലെ ഏറ്റവും വലിയ കൗൺസിലിൽ നിന്ന് 12 കോടി രൂപ അപ്രത്യക്ഷമാകുമോ? ഈ കൊള്ളയുടെ വിഹിതം മുകളിലേക്ക് പോയിട്ടില്ലേ എന്ന ചോദ്യം പ്രസക്തമാണ്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ജനങ്ങളെ പറ്റിക്കാൻ ഉപയോഗിച്ച ഏറ്റവും വലിയ ആയുധമായിരുന്നു “മെസ്സി കേരളത്തിൽ വരുന്നു” എന്ന തട്ടിപ്പ് പ്രഖ്യാപനം! കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിന്റെ പേരിൽ പൊളിച്ചിട്ടു, ഒക്ടോബറിൽ വരും നവംബറിൽ വരും എന്ന് പറഞ്ഞ് കോടികളുടെ മാസ്റ്റർ പ്ലാനുകൾ ഉണ്ടാക്കി ജനങ്ങളെ നിരന്തരം പറ്റിച്ചു. ഒടുവിൽ മെസ്സി വരില്ല എന്ന് ഉറപ്പായപ്പോൾ അർജന്റീന ടീമിനെതിരെ നിയമനടപടി സ്വീകരിക്കും എന്ന് പറഞ്ഞ് കേരളത്തെ ലോകത്തിനു മുന്നിൽ നാണംകെടുത്തുകയാണ് കഴിഞ്ഞ ഭരണാധികാരികൾ ചെയ്തത്. വിദേശ താരങ്ങളെ കൊണ്ടുവരാൻ കോടികൾ ഖജനാവിൽ നിന്ന് ഒഴുക്കാൻ തയ്യാറായവർ, ഇവിടെയുള്ള സ്വന്തം കുട്ടികളുടെ പണം കട്ടുമുടിച്ച് ജീവിക്കുകയായിരുന്നു.

ഇവിടെയാണ് യു.ഡി.എഫിന്റെ കായിക നയവും പുതിയ കായിക മന്ത്രി ഒ.ജെ ജനീഷിന്റെ ദീർഘവീക്ഷണവും വ്യത്യസ്തമാകുന്നത്. മെസ്സി വരുമോ ഇല്ലയോ എന്നതല്ല വിഷയം എന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു. മറിച്ച്, “കേരളത്തിൽ നിന്ന് ഒരു മെസ്സി ഉണ്ടാകുമോ” എന്നതാണ് പ്രധാന ചോദ്യം. കോടികൾ മുടക്കി വിദേശ താരങ്ങളെ കൊണ്ടുവരുന്നതിനേക്കാൾ, ആ പണം ഉപയോഗിച്ച് കേരളത്തിലെ ഗ്രാമങ്ങളിലുള്ള പ്രതിഭകളെ വളർത്തിയെടുക്കുക, അവർക്ക് ലോകോത്തര നിലവാരമുള്ള പരിശീലനം നൽകുക എന്നതാണ് യു.ഡി.എഫ് സർക്കാരിന്റെ ലക്ഷ്യം. കേരളത്തിലെ ഓരോ ഗ്രാമത്തിലും അത്രയേറെ കായിക പ്രതിഭകളുണ്ട്. അവർക്ക് ശരിയായ കളിസ്ഥലങ്ങളും കൃത്യമായ ഫണ്ടും അടിസ്ഥാന സൗകര്യങ്ങളുമാണ് ആവശ്യം. അത് നൽകാതെ കായികമേഖലയെ തകർത്ത മുൻ സർക്കാരിന്റെ നയങ്ങൾ തിരുത്താൻ പുതിയ മന്ത്രിക്ക് സാധിക്കുന്നുണ്ട്.

​ കഴിഞ്ഞ പത്തുവർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ കേരളം കണ്ട ഏറ്റവും സങ്കടകരമായ കാഴ്ച എന്തായിരുന്നു എന്ന് നമ്മൾ മറക്കരുത്. രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടി മെഡലുകൾ വാരിക്കൂട്ടിയ നമ്മുടെ കായികതാരങ്ങൾ, ഒരു സർക്കാർ ജോലിക്കായി സെക്രട്ടറിയേറ്റിന്റെ മുന്നിൽ മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും സമരം ചെയ്യേണ്ടി വന്നു! കണ്ണീരൊഴുക്കി തെരുവിൽ കിടക്കേണ്ടി വന്ന കായികതാരങ്ങളുടെ ശാപമാണ് കഴിഞ്ഞ സർക്കാരിനെ താഴെയിറക്കിയത്. കായികതാരങ്ങളെ ഇങ്ങനെ അവഗണിച്ചാൽ, ഈ രംഗത്തേക്ക് കടന്നുവരാൻ പുതിയ തലമുറയ്ക്ക് എങ്ങനെ ധൈര്യം വരും? ഒരു വശത്ത് തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നമ്മുടെ പ്രതിഭകൾ തെരുവിൽ കരയുമ്പോൾ, മറുവശത്ത് സി.പി.എം രാഷ്ട്രീയക്കാർ സ്പോർട്സ് കൗൺസിലിന്റെ എയർകണ്ടീഷൻ മുറിയിലിരുന്ന് കോടികൾ തട്ടിയെടുക്കുകയായിരുന്നു. ഈ അവസ്ഥയ്ക്കാണ് യു.ഡി.എഫ് ഇപ്പോൾ അറുതി വരുത്തുന്നത്.
​ ഹരിയാനയോ ഒഡീഷയോ പോലുള്ള സംസ്ഥാനങ്ങൾ നോക്കൂ. അവിടെയുള്ള സർക്കാരുകൾ കായികതാരങ്ങൾക്ക് വലിയ രീതിയിലുള്ള പിന്തുണയും കോടിക്കണക്കിന് രൂപയുടെ സ്കോളർഷിപ്പുകളും മികച്ച ഇൻഫ്രാസ്ട്രക്ചറും ഒരുക്കി കൊടുക്കുന്നുണ്ട്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ് നാട് തന്നെ നമ്മൾ കഴിഞ്ഞ ദിവസം കണ്ടതാണ്,പ്ര​ഗ്നാനന്തക്ക് മുഖ്യമന്ത്രി വിജയ് നൽകിയ പാരിതൂഷികം .അതുകൊണ്ടാണ് ഒളിമ്പിക്സിലും മറ്റ് അന്താരാഷ്ട്ര വേദികളിലും ആ സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങൾ മെഡലുകൾ വാരിക്കൂട്ടുന്നത്. എന്നാൽ കേരളത്തിൽ ഒരു സംസ്ഥാന സ്കൂൾ കായിക മേള കഴിഞ്ഞാൽ, അതിൽ നിന്ന് ഉയർന്നുവരുന്ന കുട്ടികളെ പിന്നെ ആരും തിരിഞ്ഞു നോക്കാറില്ല. അവർക്ക് കൃത്യമായ പരിശീലനം കൊടുക്കാനോ മികച്ച അത്ലറ്റുകൾ ആക്കാനോ ഉള്ള സംവിധാനങ്ങൾ ഒന്നും ഇവിടെ മുൻ സർക്കാർ ഒരുക്കിയില്ല. കായികരംഗം ആകെ ശുഷ്കിച്ച അവസ്ഥയിലായിരുന്നു.
ആ മാറ്റത്തിന്റെ പ്രതീക്ഷയാണ് ഇപ്പോൾ യുവ കായിക മന്ത്രിയിലൂടെ യു.ഡി.എഫ് നൽകുന്നത്. സ്കൂൾ അത്ലറ്റിക് മീറ്റുകളിൽ നിന്ന് ഉയർന്നുവരുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് മികച്ച തുടർപരിശീലനവും സ്കോളർഷിപ്പുകളും ഉറപ്പാക്കാനുള്ള പുതിയ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾക്ക് യു.ഡി.എഫ് സർക്കാർ രൂപം നൽകുകയാണ്. ഇന്ത്യയിലെ കായിക ചരിത്രമെടുത്താൽ അതിൽ കേരളത്തിന്റെ കരുത്ത് എപ്പോഴും മുൻപന്തിയിലാണ്. അത് പി.ടി ഉഷയുടെ കാലം തൊട്ട് നമ്മൾ തെളിയിച്ചതാണ്. ആ കരുത്ത് വീണ്ടെടുക്കാൻ, കായികരംഗത്തെ അഴിമതിക്കാരെ തുരത്താനും സാധാരണക്കാരായ കുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാനും യു.ഡി.എഫ് സർക്കാരിനും മന്ത്രി ഒ.ജെ ജനീഷിനും സാധിക്കുമെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. അഴിമതി നടത്തിയവരെ പൊതുജനമധ്യത്തിൽ നിർത്തി വിചാരണ ചെയ്യുകയും, അർഹതപ്പെട്ട പണം കായികതാരങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുമ്പോൾ മാത്രമേ കേരളത്തിന്റെ കായിക മേഖല രക്ഷപ്പെടൂ. അതിനുള്ള ശക്തമായ ചുവടുവെപ്പുകളുമായി മുന്നോട്ട് പോകുന്ന മന്ത്രിക്ക് എല്ലാ പിന്തുണയും നൽകാം.

Leave a Reply

Your email address will not be published. Required fields are marked *