മേഘാലയ അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച 55-കാരനായ ബംഗ്ലാദേശ് സ്വദേശിയെ ചൊല്ലി ഇരുരാജ്യങ്ങളിലെയും അതിർത്തി സേനകൾ തമ്മിൽ കടുത്ത തർക്കവും സംഘർഷവും ഉടലെടുത്തു. ഇയാളെ തിരികെ അയക്കാനുള്ള ബിഎസ്എഫിന്റെ ശ്രമത്തിനിടെ ‘നോ മാൻസ് ലാൻഡിൽ’ വെച്ച് ഇരു സേനകളും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇതോടെ അതിർത്തിയിൽ അൽപനേരം സംഘർഷാവസ്ഥ ഉടലെടുത്തു.
ഇയാൾ ബംഗ്ലാദേശ് പൗരനാണെന്നും അതിനാൽ സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകണമെന്നുമാണ് ഇന്ത്യൻ അധികൃതർ ആവശ്യപ്പെട്ടത്. എന്നാൽ ബംഗ്ലാദേശ് സേന ഈ വാദം പൂർണ്ണമായും തള്ളി. ഇയാൾ ഇന്ത്യക്കാരനാണെന്നും ബോധപൂർവ്വം അതിർത്തി കടത്തിവിടാൻ ശ്രമിക്കുകയാണെന്നും ആരോപിച്ച ബിജിബി, ഇയാളെ സ്വീകരിക്കാൻ വിസമ്മതിച്ചു. ഇതിനിടെ ബംഗ്ലാദേശ് ഭാഗത്തെ അതിർത്തിയിൽ നാട്ടുകാരും തടിച്ചുകൂടിയതോടെ ബഹളം രൂക്ഷമായി. ഒടുവിൽ, ഏറെ നേരത്തെ തർക്കങ്ങൾക്കും സംഘർഷാവസ്ഥയ്ക്കും ശേഷം, 55-കാരനെ ബംഗ്ലാദേശിലേക്ക് പ്രവേശിക്കാൻ ബിജിബി ഒടുവിൽ അനുവദിക്കുകയായിരുന്നു.
